'വളരെ യാദൃശ്ചികമായിട്ടുണ്ടായ സംഭവമായിരുന്നു അത്...' അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്; കിറ്റെക്‌സ് മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ടെന്ന് കുന്നത്തുനാട് എം എൽ എ ശ്രീനിജൻ
കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് രംഗത്ത് എത്തിയിരിക്കുകയാണ്. അക്രമം യാദൃശ്ചികമാണെന്നും, കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. 'വളരെ യാദൃശ്ചികമായിട്ടുണ്ടായ സംഭവമായിരുന്നു അത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ചില തൊഴിലാളികൾ ഇറങ്ങി.
ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് അവിടെയുള്ള മറ്റു ചില തൊഴിലാളികൾ അതിനെ എതിർത്തു. അങ്ങനെയാണ് തർക്കം തുടങ്ങിയതെന്ന് സാബു ജേക്കബ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
തടയാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരെയും തൊഴിലാളികൾ ആക്രമിച്ചു. അങ്ങനെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും ആക്രമിക്കുകയാണുണ്ടായത്. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്ന് മനസിലായത് ഇവരെന്തോ ഡ്രഗ്‌സ് ഉപയോഗിച്ചിരുന്നുവെന്നാണ്. ആദ്യമായിട്ടാണ് അവിടെ ഇങ്ങനെയൊരു സംഭവമുണ്ടായെന്നും സാബു ചൂണ്ടിക്കാണിച്ചു. കസ്റ്റഡിയിലെടുത്ത എല്ലാവരും പ്രതികളല്ലെന്നും, മുപ്പതിൽ താഴെ ആളുകളാണ് ആക്രമണം നടത്തിയതെന്നും സാബു പറഞ്ഞു. ഒരു കുറ്റവാളിയേയും സംരക്ഷിക്കുന്ന പ്രസ്ഥാനമല്ല കിറ്റെക്സെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
അതേസമയം സംഘർഷത്തിൽ കിറ്റെക്‌സ് മാനേജ്‌മെന്റിനും ഉത്തരവാദിത്വമുണ്ടെന്ന് കുന്നത്തുനാട് എം എൽ എ ശ്രീനിജൻ വ്യക്തമാക്കി. മാനേജ്‌മെന്റ് തലത്തിലും പൊലീസ് അന്വേഷണം നടത്തണം.
മാരകായുധങ്ങളടക്കം ക്യാമ്പിലുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് തൊഴിൽ വകുപ്പിന് അടക്കം പരാതി നൽകിയത്. ക്യാമ്പുകളിൽ വിശദമായ പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha