ആനവണ്ടി യാത്രക്കാർക്ക് സന്തോഷ വാർത്ത! ദീർഘദൂര യാത്രക്കാർക്കിനി കെഎസ്ആർടിസി ബസിൽ വിശ്രമിക്കാം; വരുന്നൂ മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വിശ്രമ ബസുകൾ

ഇതിനോടകം തന്നെ നിരവധി ജനകീയമായ വിനോദ സഞ്ചാര പദ്ധതികൾ കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മറ്റൊരു പുതിയ പദ്ധതി കൂടി ഒരുങ്ങുകയാണ്.
രാത്രിയില്‍ ചങ്കുവെട്ടിയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ വിശ്രമബസുകള്‍ ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. മലപ്പുറത്ത് നിന്നുള്ള യാത്രക്കാരെ ചങ്കുവെട്ടിയിലേക്ക് സൗജന്യമായി എത്തിക്കുകയും ചെയ്യും. കാത്തിരിപ്പു കേന്ദ്രമായി ഉപയോഗിക്കാൻ രണ്ട് ലോഫ്ലോർ ബസുകളാണ് തയാറാക്കിയിട്ടുള്ളത്.
ബസുകൾ ഇതിനോടകം തന്നെ മലപ്പുറം ഡിപ്പോയിൽ എത്തിക്കഴിഞ്ഞു. സംഭവം യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. മലപ്പുറത്ത് നിന്ന് രാത്രിസമയത്ത് ദീർഘദൂര സർവീസുകൾ കുറവാണ്. അതിനാൽ ചങ്കുവെട്ടിയിലെത്തി ബസ് പിടിക്കണം.
ഇതിനായി ചങ്കുവെട്ടി വരെ ഓട്ടോറിക്ഷയോ മറ്റു വണ്ടികളോ വിളിക്കണം. ഈ പ്രശ്നത്തിനാണിപ്പോൾ പരിഹാരമാകുന്നത്. പദ്ധതിയിലൂടെ കെഎസ്ആർടിസി അധികൃതർ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാരെ ചങ്കുവെട്ടിയിൽ എത്തിച്ചു നൽകും. അവിടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങളില്‍ ലോഫ്ലോര്‍ ബസുകള്‍ നില്‍പ്പുണ്ടാകും. ബുക്ക് ചെയ്ത ബസ് വരുന്നതുവരെ ലോഫ്ലോറില്‍ വിശ്രമിക്കാം. ബസില്‍ വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
നിലവില്‍ ചങ്കുവെട്ടിയില്‍ നിന്ന് കയറുന്നവര്‍ക്ക് മലപ്പുറത്തു നിന്ന് ബുക്ക് ചെയ്യാനുള്ള സൗകര്യമില്ല. പദ്ധതി വന്നാല്‍ ചങ്കുവെട്ടിയെ ആശ്രയിക്കുന്നവര്‍ക്കും മലപ്പുറത്തു നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം.
സ്വന്തമായി വാഹനമില്ലാത്തവരും യാത്രകളിഷ്ടപ്പെടുന്നവരും കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകളെ വൻ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ ആദ്യ ടൂർ പാക്കേജ് ആയിരുന്നു മലപ്പുറം-മൂന്നാർ ഉല്ലാസയാത്ര.
https://www.facebook.com/Malayalivartha



























