വന്ന വഴിയേ വീണ്ടും... കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ നീതുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; വിശദമായി ചോദ്യം ചെയ്ത് തെളിവെടുക്കുക ലക്ഷ്യം; കുഞ്ഞിനെ തട്ടിയെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നും അന്വേഷിക്കും

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. പ്രതിയായ നീതുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങുക. നീതുവിനെ വിശദമായി ചോദ്യം ചെയ്യും. മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നും അന്വേഷിക്കും.
വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കാമുകന്‍ ഇബ്രാഹിം ബാദുഷയെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു പ്രതി കുട്ടിയെ മോഷ്ടിച്ചത്. മുപ്പത് ലക്ഷത്തോളം രൂപ നീതുവില്‍ നിന്നും ബാദുഷ കൈക്കലാക്കിയിരുന്നു.
ഇബ്രാഹിം മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞതോടെയാണ് കുഞ്ഞിനെ കവര്‍ന്നത്. ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്‌ളാക്ക് മെയില്‍ ചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി. അതേസമയം നീതുവില്‍ നിന്ന് പണം തട്ടിയ കേസില്‍ ഇബ്രാഹിം ബാദുഷ റിമാന്‍ഡിലാണ്. നീതുവിന്റെ എട്ടു വയസുള്ള മകനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം കളമശ്ശേരി പൊലീസിന് കൈമാറും. നിലവില്‍ ഗാന്ധിനഗര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം തട്ടിയെടുത്ത കുഞ്ഞിനെ നീതുവില്‍ നിന്ന് പൊലീസ് വീണ്ടെടുക്കുന്ന ഹോട്ടലില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയെ കൊണ്ട് വന്ന ശേഷം മുക്കാല്‍ മണിക്കൂറോളം നീതു ഹോട്ടലില്‍ ചെലവഴിച്ചിരുന്നു. കുഞ്ഞിനെ കൊണ്ടു വന്നപ്പോള്‍ സംശയം തോന്നിയെന്നും നീതുവിന് പരിഭ്രമം ഉണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാരി പറയുന്നു.
ആറാം തീയതി കുഞ്ഞിനെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതുവിനെ ഡ്രൈവര്‍ അലക്‌സും ഹോട്ടല്‍ ജീവനക്കാരും സമയോചിതമായി ഇടപെട്ട് തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കുഞ്ഞിനെ കൊണ്ടുവന്ന ശേഷം വസ്ത്രം മാറി നീതു വീണ്ടും റിസപ്ഷനില്‍ എത്തി. സ്വര്‍ണ പണയ സ്ഥാപനത്തെ കുറിച്ച് തിരക്കി. ബില്‍ തയ്യാറാക്കാന്‍ പറഞ്ഞശേഷം പുറത്തേയ്ക്ക് പോയി. തിരികെ വന്ന് കുഞ്ഞിന് ആഹാരത്തിനുള്ള സാധനങ്ങള്‍ ആവശ്യപ്പെട്ടു. കുഞ്ഞുമായി വന്നപ്പോള്‍ തന്നെ നീതുവിന് പരിഭ്രമം ഉണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരി നിമ്മി പറയുന്നു.
പിന്നീട് ഡ്രൈവര്‍ അലക്‌സ് എത്തി സംശയം പ്രകടിപ്പിച്ചപ്പോള്‍ ഹോട്ടല്‍ മാനേജര്‍ എത്തി. വളരെ പെട്ടെന്ന് രണ്ട് വാഹനങ്ങളിലായി പൊലീസ് സംഘം വന്ന് കുഞ്ഞിനെ വീണ്ടെടുക്കുന്നു. തുടര്‍ന്ന് നീതുവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതെല്ലാം ദൃശ്യങ്ങളില്‍ വ്യക്തം. അതിനിടെ ഹോട്ടലിന് മുന്നില്‍ വിവരമറിഞ്ഞ് ആളുകളും കൂടിയിരുന്നു.
കേസില്‍ നീതുവിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. ഹോട്ടലിലും ആശുപത്രിയിലും നീതു സാധനങ്ങള്‍ വാങ്ങിയ കടയിലും തെളിവെടുക്കും. അതിനിടെ സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തി. അന്തിമ റിപ്പോര്‍ട്ടില്‍ സുരക്ഷാ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നാണ് സൂചന.
കുട്ടിയെ തട്ടിയെടുത്ത കേസില്‍ തല്‍ക്കാലം നീതു മാത്രമാകും പ്രതിയാകുക. വളരെ ആസൂത്രണത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാമുകന്‍ ഇബ്രാഹിം ബാദുഷയുടെ കുട്ടിയാണന്ന് വരുത്തി തീര്‍ത്ത് ബന്ധം നിലനിര്‍ത്താനാണ് നീതു ശ്രമിച്ചതെന്ന് കോട്ടയം എസ്പി ഡി ശില്‍പ പറഞ്ഞു. കാമുകന്‍ ഇബ്രാഹിം ബാദുഷക്കെതിരെ പണം തട്ടിയതിന് മറ്റൊരു കേസെടുക്കും. നീതുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരും.
https://www.facebook.com/Malayalivartha



























