'പ്രസവിച്ച ഈ അമ്മയിൽ നിന്ന് കുഞ്ഞിനെ അടർത്തി മാറ്റാൻ വിറളി പിടിച്ച ഒരു സമൂഹം മുഴുവൻ ആഹ്വാനം നടത്തിയത് ഒരു നൂറ്റാണ്ടു മുൻപൊന്നും അല്ല. നാമ മാത്രമായ അഞ്ചാറ് പെണ്ണുങ്ങളേ ഇവരെ പിന്തുണച്ചുള്ളൂ...' വൈറലായി കുറിപ്പ്
സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ ദത്തു വിവാദക്കേസിലെ പരാതിക്കാരായ അനുപമയും അജിത്തും നിയമപരമായി വിവാഹിതരായത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്. പട്ടം റജിസ്റ്റർ ഓഫിസില്‍ അടുത്ത സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിൽ മകൻ എയ്ഡൻ അനു അജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. വിവാഹ ശേഷം അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി കടൽത്തീരത്തൂടെ ഉല്ലാസവാനായി നടന്നു നീങ്ങുന്ന കുഞ്ഞ് എയ്ഡന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.
അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസ് കേരള സർക്കാരിനെ പോലും വലിയ സമ്മർദത്തിലാക്കിയിരുന്നു. കേസിൽ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നൽകാൻ കോടതി വിധിക്കുകയാണ് ചെയ്തത്. കുട്ടിയെ തന്നിൽനിന്നും വേർപെടുത്തി ശിശുക്ഷേമ സമിതിക്കു ദത്തു നൽകിയെന്നായിരുന്നു അനുപമയുടെ പരാതി.
എന്നാൽ ഇപ്പോഴിതാ, അനുപമയുടെയും മകന്റെയും ഒരു ചിത്രം ഷെയർ ചെയ്ത് ശോഭന പടിഞ്ഞാറ്റിൽ കെ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ശോഭന പടിഞ്ഞാറ്റിൽ കെ ഫെയ്സ്ബുക്കിൽ കുറിച്ചത്:
കാണൂ. എത്ര സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് ഈ അമ്മയും കുഞ്ഞും. പ്രസവിച്ച ഈ അമ്മയിൽ നിന്ന് കുഞ്ഞിനെ അടർത്തി മാറ്റാൻ വിറളി പിടിച്ച ഒരു സമൂഹം മുഴുവൻ ആഹ്വാനം നടത്തിയത് ഒരു നൂറ്റാണ്ടു മുൻപൊന്നും അല്ല. നാമ മാത്രമായ അഞ്ചാറ് പെണ്ണുങ്ങളേ ഇവരെ പിന്തുണച്ചുള്ളൂ.
പുരോഗമനകാരികളും മനുഷ്യ സ്നേഹികളും ആയ പ്രിയ എ എസ് പോലെ ഉള്ള എഴുത്തു കാരികൾ അടക്കം ഈ കുഞ്ഞിനെ ആന്ധ്രയിലേക്കു ദത്തു കൊടുക്കാത്തതിന് വിലപിച്ചു. എത്ര ആക്രോശങ്ങൾ , വ്യാജ പ്രചാരണങ്ങൾ. തെറി വിളികൾ. പെണ്ണുങ്ങൾ അനുപമയെ തെറി വിളിച്ചതിന് കണക്കുണ്ടോ? ഇനിയെങ്കിലും ഒന്ന് സ്വയം പരിശോധിക്കൂ.
https://www.facebook.com/Malayalivartha



























