'20 വര്‍ഷം മുന്‍പുള്ള ചിത്രങ്ങളാണിത്. ഈ അടുത്ത് പഴയതെല്ലാം ഒന്ന് തട്ടി കുടഞ്ഞപ്പോൾ അവളിതാ അതേ പാൽ പുഞ്ചിരിയോടെ... നിങ്ങള്‍ക്കറിയാമോ ഈ സുന്ദരിക്കുട്ടിയെ? കണ്ടുകിട്ടിയാല്‍ ഈ ഫോട്ടോകള്‍ അവരെ തിരിച്ചേല്‍പ്പിക്കാമായിരുന്നു...' സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

വര്ഷങ്ങളോളം അജ്ഞാതമായ എന്തിനെയും നമ്മുടെ സമൂഹമാധ്യമങ്ങൾ വഴി കണ്ടെത്താൻ സാധിക്കുമെന്ന് പല വർത്തകളിലൂടെയും നാം കണ്ടിട്ടുണ്ട്. ബന്ധുക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും കണ്ടെത്തിയ വാർത്തകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ഒരു കണ്ടെത്തലിലേക്ക് ഏവരുടെയും ശ്രദ്ധ തിരിക്കുന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
20 വര്‍ഷം മുന്‍പുള്ള ചിത്രങ്ങളാണിത്. ബത്തേരിയിലെ കോട്ടക്കുന്നില്‍വച്ച് കെ. സതീഷ്കുമാറിനു കളഞ്ഞുകിട്ടിയതാണ് ഈ സുന്ദരിക്കുട്ടിയുടെ ഫോട്ടോകള്‍. അബ്ദുല്ലാക്കായുടെ കടത്തിണ്ണയിലെ ഉപ്പുപെട്ടിയുടെ മുകളില്‍ കൂട്ടുകാരെയും കാത്തിരുന്ന ഒരു ഞായറാഴ്ചയാണു പരിസരത്ത് അനാഥമായി കിടന്ന ഒരു കവറില്‍നിന്നന് സതീഷിന് ഈ കുഞ്ഞിന്റെ രണ്ടു ഫോട്ടോകള്‍ കിട്ടിയത്. പരിസരത്തൊക്കെ അന്വേഷിച്ചെങ്കിലും ഇതാരാണ്, ആരുടേതാണ് എന്നൊന്നും അറിയാനായില്ല. പിന്നീട് ആ ഫോട്ടോകള്‍ ആല്‍ബത്തില്‍ സൂക്ഷിച്ചുവയ്ക്കുകയായിരുന്നു.
അടുത്തിടെ വീണ്ടും ആല്‍ബത്തിലെ അജ്‍ഞാത ബാലികയുടെ ഫോട്ടോയില്‍ കണ്ണുടക്കി. കുട്ടിയാരായിരിക്കുമെന്ന ചോദ്യം ഒരിക്കല്‍ക്കൂടി മനസ്സിലുയര്‍ന്നു. അങ്ങനെയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് സതീഷ് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇപ്പോള്‍ സതീഷിന്റെ കുറിപ്പും അജ്ഞാത ബാലികയുടെ ഫോട്ടോകളും വൈറലാകുകയാണ്.
സതീഷിന്റെ പോസ്റ്റ് ഇങ്ങനെ:
ഒരിരുപതു കൊല്ലം മുൻപാണ്. ചെറുമഴയുള്ള ഒരു ഞായറാഴ്ച്ച നാട്ടിൽ, സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ അവളക്കാന്റെ അടച്ചിട്ട കടയുടെ തിണ്ണയിലെ ഉപ്പുപ്പെട്ടിക്കുമേൽ അന്ന് സിനിമ ടിക്കറ്റുകളും മറ്റു ഉപദംശങ്ങളുമൊക്കെ വാങ്ങി തന്ന് എന്നെ സ്ഥിരം തീറ്റിപോറ്റിയിരുന്ന കട്ടചങ്ക് അസറു (അഷ്റഫ്) നെയും കാത്ത്, സന്തോഷിൽ പീപ്പീംങ്ങ് ടോം രണ്ടാമതും (അതോ മൂന്നാമതോ ) കാണാൻ പോകുന്നതിന്റെ രസത്തിൽ ഒറ്റക്ക് ഞാനങ്ങനെ കാലാട്ടിയിരിക്കുമ്പോൾ തൊട്ടടുത്ത് അനാഥമായി കിടന്ന ഒരു കവറിനുള്ളിൽ നിന്ന് കിട്ടിയതാണ് ഈ കുഞ്ഞിന്റെ ഈ രണ്ട് മനോഹര ഫോട്ടോകൾ.
പിറ്റേന്ന് ആ പരിസരത്തു മുഴുവൻ അന്വേഷിച്ചെങ്കിലും ഇതാരാണ് ആരുടേയാണ് എന്നാർക്കും അറിയില്ലയിരുന്നു.. അങ്ങിനെ അന്നു മുതൽ ഞാനീ ഫോട്ടോകളുടെ വളർത്തച്‌ഛനായി പിന്നീട് ആൽബം തുറക്കുമ്പോഴെല്ലാം വാത്സല്യത്തോടെ തലയിലും താഴത്തും വെക്കാതെ പരിപാലിച്ചു.. താലോലിച്ചു ആ സമയങ്ങളിൽ കെട്ട്യോൾടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒരു ക്വൊസ്റ്റ്യൻമാർക്കിന്റെ വളഞ്ഞ കുന്തമുനയുണ്ടോ എന്ന് വരെ ഞാൻ സംശയിച്ചു ..
പിന്നെ പിന്നെ.. ഈ കുഞ്ഞിനെ മറന്നും പോയിരുന്നു. ഈ അടുത്ത് പഴയതെല്ലാം ഒന്ന് തട്ടി കുടഞ്ഞപ്പോൾ അവളിതാ അതേ പാൽ പുഞ്ചിരിയോടെ
ആർക്കെങ്കിലും അറിയാമോ ഇന്ന് യുവതിയായ ഈ കുഞ്ഞിനെ ?
ഈ ഫോട്ടോസ് തിരിച്ചേൽപ്പിക്കാമായിരുന്നു..
https://www.facebook.com/Malayalivartha



























