നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ തുടങ്ങി... ഇന്ന് അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അവര്‍ ഇഡിക്കു മുന്നില്‍ ഹാജരായത്

നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇന്നു രാവിലെ 11 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായി സ്വപ്നയ്ക്കു നോട്ടീസ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവററ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അശ്വത്ഥമാവ് വെറും ഒരു ആനയല്ല എന്ന പുസ്തകത്തില്‍ രൂക്ഷ ആരോപണങ്ങള്‍ വന്നതോടെയാണ് സ്വപ്ന മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം. ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്നു സ്വപ്ന മാധ്യമങ്ങളിലൂടെപ്രതികരിച്ചിരുന്നു. ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെ ഇഡി, ഡിജിപിക്കു പരാതി നല്‍കിയിരുന്നു.
എന്നാല്‍, സ്വപ്നയ്ക്കു കാവല്‍ നിന്ന പോലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞാഴ്ച ഹാജരാകാന്‍ സ്വപ്നയ്ക്കു നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ 15ന് വരാമെന്ന് അറിയിക്കുകയായിരുന്നു.
ഇന്ന് അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അവര്‍ ഇഡിക്കു മുന്നില്‍ ഹാജരായത്. ഒരു മണിക്കൂറോളം ഇവര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
ഈ കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. കള്ളപ്പണ ഇടപാടില്‍ ശിവശങ്കറിനു കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നു സ്വപ്ന മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചെങ്കിലും കൂടുതല്‍ തെളിവ് ശേഖരണത്തിനു സാധ്യത ഉണ്ടോയെന്നു പരിശോധിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.
https://www.facebook.com/Malayalivartha
























