കുടിൽ വ്യവസായം പോലെ സിപിഎമ്മിൻ്റെയും ബിജെപിയുടെയും ബോംബ് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിച്ചിട്ടും സംസ്ഥാന പൊലീസ് ഇന്റലിജൻസ് സംവിധാനം നോക്കുകുത്തിയായി നിൽക്കുന്നു; രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്; പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

കണ്ണൂരിൽ കല്യാണത്തിനിടെ ബോംബ് പൊട്ടിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; "കല്യാണങ്ങൾക്ക് ബോംബ് അകമ്പടിയാകുന്ന പിണറായിക്കാലം!" ദൈവത്തിൻ്റെ സ്വന്തം നാടിനെ പിണറായി വിജയൻ എന്ന കഴിവുകെട്ട ഭരണാധികാരി "ക്രിമിനലുകളുടെ സ്വന്തം നാട് " ആക്കി മാറ്റിയിരിക്കുന്നു.
കണ്ണൂരിൽ വിവാഹത്തിനിടയിൽ നടന്ന ബോംബേറ് കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്തതാണ്. സി പി എമ്മിൻ്റെ പാർട്ടി ഗ്രാമത്തിൽ നിന്നും വന്ന കൊടും ക്രിമിനലുകളാണ് വിവാഹ സംഘത്തിന് നേരേ ബോംബെറിഞ്ഞതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങൾ. ലക്ഷ്യം വെച്ചത് മറ്റാരെയോ ആണെങ്കിലും ബോംബെറിയാൻ വന്ന സഖാവ് തന്നെ ദാരുണമായി കൊല്ലപ്പെട്ടു.
ദൃശ്യങ്ങൾ പുറത്തു വന്നില്ലായിരുന്നെങ്കിൽ "എന്തിന് കൊന്നു കോൺഗ്രസേ?" എന്ന നുണപ്രചാരണവുമായി നാണവും മാനവുമില്ലാതെ സഖാക്കൾ രംഗത്ത് വന്നേനേ. കുടിൽ വ്യവസായം പോലെ സിപിഎമ്മിൻ്റെയും ബിജെപിയുടെയും ബോംബ് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിച്ചിട്ടും സംസ്ഥാന പൊലീസ് ഇന്റലിജൻസ് സംവിധാനം നോക്കുകുത്തിയായി നിൽക്കുന്നു. വിവാഹത്തിന് ഒരേ വേഷത്തിൽ എത്തിയ യുവാക്കൾ മുൻകൂട്ടി ബോംബ് എറിയാൻ പദ്ധതി ഇട്ടിരുന്നോ?
ബോംബ് ശേഖരം എവിടെയാണ്? എവിടെയാണ് ബോംബ് നിർമാണ യൂണിറ്റ്? തുടങ്ങിയ എല്ലാ കാര്യങ്ങളും ഉടൻ തന്നെ അന്വേഷണവിധേയമാക്കണം. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. ജയിലിൽ കിടന്ന് മരിച്ച കൊലയാളിയ്ക്ക് വരെ സ്മാരകം പണിയുന്ന, കൊലപാതകികളെ ജയിലിൽ നിന്നിറക്കി കല്യാണം നടത്തിക്കൊടുക്കുന്ന , ക്വട്ടേഷൻ ഗുണ്ടകൾക്ക് വീട് വെച്ചു കൊടുക്കുന്ന സിപിഎമ്മിനെ പോലുള്ള ക്രിമിനൽ പാർട്ടികൾ ബോംബ് നിർമിക്കുന്നതിലും കൂട്ടത്തിലൊരുത്തനെ ബോംബെറിഞ്ഞ് കൊല്ലുന്നതിലും അത്ഭുതമൊന്നുമില്ല.
പക്ഷേ സാധാരണക്കാരൻ്റെ ജീവൻ തുലാസ്സിലാക്കുന്ന തീവ്രവാദ പ്രവർത്തങ്ങളെ ഉന്മൂലനം ചെയ്യേണ്ട ബാദ്ധ്യത ഭരണകൂടങ്ങൾക്കുണ്ട്. ഒരു കാര്യം ഉറപ്പാണ്, "കല്യാണ വീടിന് കാവൽ നിൽക്കുമ്പോൾ രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ട ധീര രക്തസാക്ഷി" എന്ന വീരപരിവേഷം നൽകി, സ്വന്തം പാർട്ടിക്കാർ ബോംബെറിഞ്ഞ് തല ചിതറിച്ച് കൊന്ന ഈ സഖാവിനെ നാളെ ഒരു കാലത്ത് സിപിഎം തന്നെ വ്യാജ രക്തസാക്ഷിപ്പട്ടികയിൽ അവതരിപ്പിച്ചിരിക്കും.
https://www.facebook.com/Malayalivartha