നടുറോഡിൽ പെൺകുട്ടിയുമൊത്ത് ബൈക്കിൽ സ്‌റ്റണ്ട് നടത്തി അപകടമുണ്ടാക്കി; നോക്കിനിന്ന നാട്ടുകാർ പഞ്ഞിക്കിട്ടു, ഇന്ന് ഹാഷിഷ് ഓയിലുമായി അമലിനെ കൂട്ടുകാരനൊപ്പം പിടികൂടി!
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടുറോഡിൽ പെൺകുട്ടിയുമൊത്ത് ബൈക്കിൽ സ്‌റ്റണ്ട് നടത്തി അപകടമുണ്ടാക്കിയതിനുപിന്നാലെ നാട്ടുകാർ പ്രശ്നം ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്. ഇന്ന് ഹാഷിഷ് ഓയിലുമായി കൂട്ടുകാരനൊപ്പം പിടിയിലായിരിക്കുകയാണ്. തൃശൂർ ചീയാരത്ത് ബൈക്ക് അഭ്യാസം കാട്ടി അപകടമുണ്ടാക്കിയ അമലിനെയാണ് ഇന്ന് ഹാഷിഷ് ഓയിലുമായി പൊലീസ് പിടികൂടിയത്.
നെല്ലായിയിൽ വാഹനപരിശോധനക്കിടെയാണ് 300 ഗ്രാം ഹാഷിഷ് ഓയിലുമായി കൂട്ടുകാരൻ അനുഗ്രഹിനൊപ്പം അമൽ പിടിയിലായിരിക്കുന്നത്. പിടികൂടിയ ഹാഷിഷ് ഓയിലിന് 30 ലക്ഷം രൂപ വിലവരുമെന്നാണ് ലഭ്യമാകുന്ന വിവരം. മുൻപ് ബൈക്ക് അഭ്യാസം കാട്ടി പെൺകുട്ടിയ്‌ക്ക് അപകടമുണ്ടായത് നാട്ടുകാരിലൊരാൾ ചോദ്യം ചെയ്‌തപ്പോൾ അമൽ ഇയാളെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആൾക്കൂട്ടം അമലിനെ പൊതിരെ തല്ലിയിരുന്നു. തന്നെ അകാരണമായി മർദ്ദിച്ചെന്ന് അമൽ പരാതിപ്പെട്ടതോടെ ഒല്ലൂർ പൊലീസ് അന്ന് നാട്ടുകാർക്കെതിരെയും കേസെടുത്തിരുന്നു.
അതേസമയം, തിരുവല്ലം ബൈപ്പാസ് റോഡിൽ കാറിൽ നിന്ന് മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിലായി. പട്രോളിംഗിലാണ് 6 ഗ്രാം എം.ഡി.എം.എ യും ഇത് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി ബീമാപള്ളി സ്വദേശികളായ പുതുവൽ പുരയിടം അബ്ദുൽ റഹ്മാൻ (26),വലിയവിളാകം പുരയിടം വീട്ടിൽ സഹീർഖാൻ(21) എന്നിവരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്‌തത്. തിരുവല്ലം വാഴമുട്ടം ബൈപ്പാസിലെ സർവീസ് റോഡിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ യുവാക്കൾ കാറുകളിൽ വന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂടാതെ കഴിഞ്ഞ ആഴ്ചയിലും ഇത്തരത്തിലുള്ള ഒരു കേസ് പിടിച്ചിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ആന്റി ഡ്രഗ് ഡ്രൈവിന്റെ ഭാഗമായി പരിശോധന തുടരുകയാണെന്ന് തിരുവല്ലം എസ്.എച്ച്. ഒ സുരേഷ്.വി.നായർ വ്യക്തമാക്കുകയുണ്ടായി. എസ്.ഐ ബിപിൻ പ്രകാശ്, വൈശാഖ്, ജസ്റ്റ്റോയ് സി.പി. ഒ മാരായ രാജീവ്, വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha