കഴുത്തറുത്ത് കൊലപ്പെടുത്തുന്ന രീതി, പൈപ്പിൽ തൊണ്ടിമുതലുകൾ ഒളിപ്പിക്കൽ, ഒറ്റയ്ക്കുള്ള കൃത്യം, പണം നിക്ഷേപമാക്കി മാറ്റൽ തുടങ്ങി രാജേന്ദ്രന്റെ പതിവ് രീതികളെ കൂട്ടിക്കെട്ടുന്ന പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന്റെ കൈയിൽ; രാജേന്ദ്രനെതിരായ കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തിൽ സോപാധിക ജാമ്യത്തിനുള്ള അവസരം ഒഴിവാക്കി പരമാവധി ശിക്ഷ ഉറപ്പിക്കുകയാണ് പൊലീസ് ലക്ഷ്യത്തോടെ പേരൂർക്കട, അമ്പലമുക്കിൽ ചെടിവില്പന കേന്ദ്രത്തിലെ ജീവനക്കാരിയായ വിനിതയെ കൊലപ്പെടുത്തി മോഷണം നടത്തിയ പ്രതി രാജേന്ദ്രനെതിരായ കുറ്റപത്രം 90 ദിവസത്തിനകം പൊലീസിന് സമർപ്പിക്കും. കൊലപാതകത്തിനിടെ രാജേന്ദ്രന്റെ കൈത്തണ്ടയിലുണ്ടായ മുറിവിന്റെ ഫോറൻസിക് റിപ്പോർട്ടും ഡോക്ടറുടെ മൊഴിയും സുപ്രധാന തെളിവാകും.
കസ്റ്റഡിയും തെളിവെടുപ്പും പൂർത്തിയാക്കി രാജേന്ദ്രനെ കോടതിയിൽ ഹാജരാക്കിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ പേരൂർക്കട സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ കുറ്റപത്രം തയ്യാറാക്കാനുള്ള നടപടി തുടങ്ങി. ഇതിനായി ആദ്യം സാക്ഷിപ്പട്ടിക തയ്യാറാക്കണം. അതിനുവേണ്ടി രാജേന്ദ്രൻ തമിഴ്നാട്ടിൽ താമസിച്ചിരുന്ന അഞ്ചുഗ്രാമമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസിന് പോകേണ്ടിവരും. രാജേന്ദ്രന് വീട് വാടകയ്ക്ക് നൽകിയവരുടെയും അയൽവാസികളുടെയും വിനിതയുടെ മാല പണയം വച്ച ധനകാര്യ സ്ഥാപന ഉടമയുടെയും ജീവനക്കാരുടെയും വിശദമായ മൊഴിയെടുത്ത് സാക്ഷിപ്പട്ടികയിലുൾപ്പെടുത്തണം.
മാല പണയം വച്ച് കിട്ടിയ പണത്തിൽ നിന്ന് തമിഴ്നാട് സ്വദേശിയായ സ്ത്രീക്ക് രാജേന്ദ്രൻ 15,000 രൂപ തിരിച്ചുകൊടുത്തിരുന്നു. ഇവരെ കണ്ടെത്തി വിവരങ്ങൾ രേഖപ്പെടുത്തണം. മാല പണയം വച്ച് ലഭിച്ച 90,000ൽ 35,000 രൂപ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചെന്ന് രാജേന്ദ്രൻ സമ്മതിച്ചിട്ടുണ്ട്. ഒളിവ് സമയത്തെ രാജേന്ദ്രന്റെ ഫോൺകാളുകളിൽ നിന്ന് ഇടപാടുകളെപ്പറ്റി അറിയാൻ കഴിയും. രാജേന്ദ്രൻ മുമ്പ് പ്രതിയായ കേസുകൾ, കൊലപാതക രീതി, വ്യക്തിഗത വിവരങ്ങൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ എന്നിവരുടെ മൊഴികൾ എന്നിവയെല്ലാം നിർണായകമാണ്.
തമിഴ്നാട്ടിൽ ഗുണ്ടാപ്പട്ടികയിലായ രാജേന്ദ്രന് കന്യാകുമാരി ജില്ലയിൽ പ്രവേശിക്കാനുള്ള വിലക്ക്, തിരുനെൽവേലിയിൽ വാടകയ്ക്ക് താമസിക്കവേ അയൽവാസിയായ സ്ത്രീയെ ഒന്നരലക്ഷം കബളിപ്പിച്ച സംഭവം തുടങ്ങിയ കാര്യങ്ങളെല്ലാം കുറ്റപത്രത്തിലുണ്ടാകും. കഴുത്തറുത്ത് കൊലപ്പെടുത്തുന്ന രീതി, പൈപ്പിൽ തൊണ്ടിമുതലുകൾ ഒളിപ്പിക്കൽ, ഒറ്റയ്ക്കുള്ള കൃത്യം, പണം നിക്ഷേപമാക്കി മാറ്റൽ തുടങ്ങി രാജേന്ദ്രന്റെ പതിവ് രീതികളെ കൂട്ടിക്കെട്ടുന്ന പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ പരിശോധനാഫലങ്ങളും നിർണായകമാണ്.
https://www.facebook.com/Malayalivartha