രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ കേരളത്തിന് വന്‍ നേട്ടം....

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ കേരളത്തിന് വന്‍ നേട്ടം. നൂറ് പട്ടണങ്ങളുടെ പട്ടികയില്‍ എട്ടെണ്ണം കേരളത്തിലുള്ളവയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് കേരളം കൈവരിച്ച നേട്ടം അറിയിച്ചത്
. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ആയിരത്തിന് ഉള്ളില്‍ പോലും കേരളത്തിലെ നഗരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നിരിക്കെയാണ് ഇത്തവണത്തെ മുന്നേറ്റത്തിന് തിളക്കം കൂട്ടുന്നത്.. കേരളത്തിലെ ആകെയുള്ള 93 നഗരസഭകളില്‍ 82 ഉം ഇക്കുറി ആയിരം റാങ്കില്‍ ഇടം നേടുകയായിരുന്നു.
കൊച്ചി (50), മട്ടന്നൂര്‍ (53), തൃശൂര്‍ (58), കോഴിക്കോട് (70), ആലപ്പുഴ (80), ഗുരുവായൂര്‍ (82), തിരുവനന്തപുരം (89), കൊല്ലം (93) നഗരങ്ങളാണ് ആദ്യ നൂറില്‍ ഇടം നേടിയത്.
കേരളത്തിലെ 93 നഗരസഭകളില്‍ 82 എണ്ണവും ഇക്കുറി ആയിരം റാങ്കില്‍ ഇടം നേടി. മട്ടന്നൂര്‍ നഗരസഭ സ്‌പെഷ്യല്‍ കാറ്റഗറിയിലെ മിനിസ്റ്റീരിയല്‍ അവാര്‍ഡും കരസ്ഥമാക്കി. വെളിയിട വിസര്‍ജ്യമുക്തമായ നഗരങ്ങള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങായ വാട്ടര്‍ പ്ലസ് റേറ്റിംഗ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യത്തെ നഗരം കൂടിയാണ് തിരുവനന്തപുരം.
13 നഗരങ്ങള്‍ക്ക് ഒഡിഎഫ്, 77 നഗരങ്ങള്‍ക്ക് ഒഡിഎഫ് പ്ലസ്, മൂന്ന് നഗരങ്ങള്‍ക്ക് ഒഡിഎഫ് പ്ലസ് പ്ലസ് റേറ്റിംഗും സ്വന്തമാക്കി. മാലിന്യമുക്ത നഗരങ്ങള്‍ക്കുള്ള ത്രീ സ്റ്റാര്‍ റേറ്റിംഗ് മൂന്ന് നഗരങ്ങളും വണ്‍ സ്റ്റാര്‍ റേറ്റിംഗ് 20 നഗരങ്ങളും സ്വന്തമാക്കി. ആലപ്പുഴ, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ മൂന്ന് നഗരസഭകള്‍ക്ക് ത്രീസ്റ്റാര്‍ പദവി നേടാനായി.
ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തീവ്രമായി നടപ്പിലാക്കിയ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ കേരളം ഒന്നുചേര്‍ന്ന് നടത്തിയ വലിയ മുന്നേറ്റമാണ് ഈ ഓരോ പുരസ്‌കാരങ്ങളിലൂടെയും അംഗീകരിക്കപ്പെടുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ദേശീയ തലത്തിലെ മികച്ച ശുചിത്വമാതൃകയായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. ഈ ദേശീയ അംഗീകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രചോദനമാകുമെന്നാണ് പ്രതീക്ഷ .
https://www.facebook.com/Malayalivartha