കായംകുളം എം എല്‍ എ യു.പ്രതിഭ സിപിഎം.വിടുമോ? കോണ്‍ഗ്രസിലാണ് പ്രതിഭയുടെ കണ്ണെന്ന് സി പി എം നേതാക്കളുടെ വിശദീകരണം, ഇത് ശരിയല്ലെന്ന് പ്രതിഭയുടെ ക്യാമ്പ്; കായംകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവം...

കായംകുളം എം എല്‍ എ യു.പ്രതിഭ സിപിഎം.വിടുമോ? കായംകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്.
കോണ്‍ഗ്രസിലാണ് പ്രതിഭയുടെ കണ്ണ് എന്നാണ് സി പി എം നേതാക്കള്‍ വിശദീകരിക്കുന്നത്. ഇത് ശരിയല്ലെന്ന് പ്രതിഭയുടെ ക്യാമ്പ് വിശദീകരിക്കുന്നു.
എന്നാല്‍ സി പി എമ്മിന്റെ താഴെ തട്ടു മുതല്‍ മുകള്‍തട്ടു വരെ ശത്രുവാക്കിയ പ്രതിഭക്ക് സി പി എം സ്ഥാനാര്‍ത്ഥിയായി ഒരുവട്ടം കൂടി കായംകുളത്ത് മത്സരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയും നേതാക്കളും കണക്കുകൂട്ടുന്നത്.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ കായംകുളത്തെ വോട്ട് ചോര്‍ച്ച ചര്‍ച്ചയായില്ലെന്ന് എംഎല്‍എ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേവിഷയം നേരത്തെ സിപിഐഎം സംസ്ഥാന നേതൃത്വത്തെ യു പ്രതിഭ അറിയിച്ചിരുന്നു.
തോല്‍പ്പിക്കാന്‍ ശ്രമിച്ച നേതാക്കളെ കുറിച്ച് യു പ്രതിഭ എകെജി സെന്ററിലെത്തി പരാതി പറഞ്ഞിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന എ വിജയരാഘവനെ നേരില്‍ കണ്ടാണ് പരാതി പറഞ്ഞത്. കായംകുളത്തെ ഒരു നേതാവ് ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവരെ വീടുകളിലെത്തി കാണുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുയും ചെയ്തു. ചെട്ടികുളങ്ങര അടക്കമുള്ള സ്ഥലങ്ങളില്‍ വോട്ടു കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് പ്രതിഭ ഉന്നയിച്ചത് . പലപ്പോഴും ഒരു സ്ത്രീയെന്ന പരിഗണന പോലും ലഭിച്ചില്ല, വ്യക്തിഹത്യ നടത്താനുള്ള ശ്രമം പലതവണയുണ്ടായെന്നും പ്രതിഭ എംഎല്‍എ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
പ്രതിഭയുടെ കുടുംബത്തെ കുറിച്ച് വരെ വ്യാജ പ്രചരണങ്ങള്‍ പാര്‍ട്ടി നടത്തിയെന്ന ആരോപണം പ്രതിഭ ഉന്നയിച്ചത് അതീവ ഗൗരവമായ കാര്യമാണ്. ഒരു സ്ത്രീയുടെ പരാതിക്ക് പാര്‍ട്ടി വില കല്‍പ്പിച്ചില്ലെന്ന് പറഞ്ഞാല്‍ അത് പാര്‍ട്ടിക്ക് നാണക്കേടായി മാറും.
തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് യു പ്രതിഭയ്ക്ക് എതിരായ നീക്കങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഭയ്ക്ക് ഒപ്പം നിന്നവരെ തെരഞ്ഞെടുപ്പിന് പിന്നാലെ വെട്ടിനിരത്തുന്ന നിലയുണ്ടായി. പ്രതിഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകള്‍ ലൈക്ക് ചെയ്ത പാര്‍ട്ടി അംഗങ്ങളെപ്പോലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളില്‍ ഒതുക്കുന്ന സാഹചര്യം ഉണ്ടായി. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ കായംകുളത്തെ ഒരു നേതാവ് പ്രതിഭ തങ്ങള്‍ക്കു വേണ്ട സ്ഥാനാര്‍ത്ഥിയിരുന്നില്ലെന്ന് പരസ്യമായി പറഞ്ഞു. തുടര്‍ച്ചയായുള്ള പരാതികള്‍ നേതൃത്വം അവഗണിച്ചതിനാലാണ് സമൂഹമാധ്യമ പ്രതികരണം നടത്തിയത് എന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെയും മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെയും സാന്നിധ്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടും ആരും തടഞ്ഞില്ലെന്ന വികാരവും കായംകുളം എംഎല്‍എയുടെ പരസ്യ പ്രതികരണത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു എന്ന ആക്ഷേപമായിരുന്നു പ്രതിഭ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്.
കായംകുളത്തെ ചിലര്‍ക്കെങ്കിലും താന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. തന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന മാധ്യമ പ്രവര്‍ത്തകനെ പാര്‍ട്ടി ഏരിയാ കമ്മറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയില്‍ എടുത്തത് ദുരൂഹമാണ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന മുന്നറിയിപ്പും യു പ്രതിഭ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരുന്നു.
പ്രതിഭയുടെ പ്രതികരണം ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
എന്നാല്‍ എംഎല്‍എയുടെ പ്രതികരണത്തോടെ പലതവണ ഒതുക്കിവച്ച വിവാദ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയായതില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിനും അതൃപ്തി ശക്തമാണ്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി യു പ്രതിഭയില്‍ നിന്ന് വിശദീകരണം തേടും. വിഷയത്തില്‍ കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏതായാലും പ്രതിഭക്കെതിരെ പാര്‍ട്ടിയും പാര്‍ട്ടിക്കെതിരെ പ്രതിഭയും ഒരു പോലെ നീങ്ങുകയാണ്. ആരു ജയിക്കുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha


























