ലോഡുമായി പോയ ലോറി കാറുമായി കൂട്ടിയിടിച്ച് മുൻ വശം തകർന്ന് തരിപ്പണമായി; കാറിൽ ഇടിച്ച ശേഷം വെട്ടിച്ചുമാറ്റിയ ടോറസ് ലോറി സമീപത്തെ തോട്ടിലേയ്ക്കു മറിഞ്ഞു; ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ തയ്യാറായില്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തിനെ കൊണ്ട് വിട്ട ശേഷം മടങ്ങി വരികയായിരുന്ന യുവാക്കൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

കോട്ടയം എംസി റോഡിൽ കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് പന്തളം സ്വദേശികളായ യുവാക്കൾ. സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അയച്ച ശേഷം മടങ്ങി വരുന്നതിനിടെ ഉണ്ടായ അപകടത്തിൽ ആണ് ഇരുവരും മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ രണ്ടു പേരും തൽക്ഷണം മരിച്ചു. പന്തളം പറന്തൽ കൊത്തിലുവിള വീട്ടിൽ ഗോപാലകൃഷ്ണപിള്ള മകൻ ശ്രീജിത്ത് (33) , കലതിവിള വീട്ടിൽ ഭാസ്കരൻ മകൻ മനോജ് (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ടോറസ് ലോറി ഡ്രൈവർ സോമനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ കുറുവിലങ്ങാട് മോനിപ്പള്ളി ഷാപ്പിന് മുന്നിലായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുഹൃത്തായ യുവാവിനെ കൊണ്ട് വിട്ട ശേഷം മടങ്ങി വരികയായിരുന്നു പന്തളം സ്വദേശികൾ . ഈ സമയം എതിർദിശയിൽ നിന്നു വന്ന ടോറസ് ലോറി ഇവരുടെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ടോറസ് ലോറി കാറിൽ ഇടിച്ചതിനെ തുടർന്ന് കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നിരുന്നു. കാറിനുള്ളിൽ രണ്ടു പേരും കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടു പേരെയും പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിൽ ഇടിച്ച ശേഷം വെട്ടിച്ചുമാറ്റിയ ടോറസ് ലോറി സമീപത്തെ തോട്ടിലേയ്ക്കു മറിഞ്ഞിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് ടോറസ് ലോറിയ്ക്കുള്ളിൽ നിന്നും ഡ്രൈവർ സോമനെ പുറത്തെടുത്തത്.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറവിലങ്ങാട്ട് നിന്നും കൂത്താട്ടുകുളത്തിനു ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിവരം കുറവിലങ്ങാട് പൊലീസിൽ അറിയിച്ചു.
എന്നാൽ, നാട്ടുകാർ ആരും രക്ഷാപ്രവർത്തനം നടത്താനോ പരിക്കേറ്റവരെ പുറത്തെടുക്കാനോ തയ്യാറായില്ല. തുടർന്ന്, കുറവിലങ്ങാട് പൊലീസ് സ്ഥലത്ത് എത്തിയാണ് അപകടത്തിൽ മരിച്ചവരെ കാറിൽ നിന്നും പുറത്തെടുത്തത്. തുടർന്ന്, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha


























