ഭയമാണ് നിങ്ങളെ നയിക്കുന്ന വികാരം; മുഖ്യമന്ത്രിക്കെതിരായ നാല് കേസുകൾ വരുന്നത് കൊണ്ടാണ് ലോകായുക്തയുടെ പല്ലും നഖവും പറിച്ച് ദുർബലപ്പെടുത്തിയത്; നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്ന നിയമ മന്ത്രിയുടെ നിലപാടാണ് ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ലോകായുക്ത നിയമ ഭേദഗതിക്കെതിരായ അടിയന്തരപ്രമേയ നോട്ടീസിന് ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കണ്ടു. പ്രതിപക്ഷ നേതാവ് ഈ വിഷയത്തിൽ നടത്തിയ പ്രതികരണം ഇങ്ങനെ; ഭയമാണ് നിങ്ങളെ നയിക്കുന്ന വികാരം. മുഖ്യമന്ത്രിക്കെതിരായ നാല് കേസുകൾ വരുന്നത് കൊണ്ടാണ് ലോകായുക്തയുടെ പല്ലും നഖവും പറിച്ച് ദുർബലപ്പെടുത്തിയത്. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്ന നിയമ മന്ത്രിയുടെ നിലപാടാണ് ഭരണഘടനാ വിരുദ്ധം.
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥകൾ ആയതു കൊണ്ട് ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തി എന്ന് നിങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ ഭൂപരിഷ്കരണ നിയമവും കേരളത്തിന്റെ സംഭാവനയാണ് . അതും നിങ്ങൾ മാറ്റുമോ ... .സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്നു. കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പോലീസിനെ പോലും വെല്ലുവിളിക്കുകയാണ്.
ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. പോലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പോലീസിനെ ഭരിക്കുന്നത് സി.പി.എമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. അതിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്നത്.
സർക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞു.ആർ.എസ്.എസ് - സി.പി.എം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
https://www.facebook.com/Malayalivartha


























