ഭക്ഷണമോ വെള്ളമോ ഇല്ല ...ശുചിമുറിയോ, എല്ല് മരവിക്കുന്ന തണുപ്പിൽ ഒരു പുതപ്പോ കയ്യിലില്ലാതെ പലരും നിലത്തിരിക്കുന്നു ... പലരുടെയും മൊബൈലുകളിൽ ചാർജ് തീരാറായി..ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ അവസ്ഥ

യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ പലരും കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. പുറത്ത് പലരും സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നുണ്ട്. വ്യോമാക്രമണങ്ങൾ നടക്കാനുള്ള എയർ സൈറൺ കേൾക്കുന്നതും പലരും ഓടി ബങ്കറുകളിലേക്കും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലേക്കും ഓടിക്കയറുകയാണ്.എന്നാൽ ഇവിടെയെത്തിയ പലരും ഭക്ഷണമോ വെള്ളമോ കയ്യിലില്ലാതെ വലിയ ദുരിതത്തിലാണ് ഒരു പകലും രാത്രിയും കഴിച്ചുകൂട്ടിയത്.
ശുചിമുറിയോ, എല്ല് മരവിക്കുന്ന തണുപ്പിൽ ഒരു പുതപ്പോ കയ്യിലില്ലാതെ പലരും നിലത്തിരിക്കുകയാണ്. പലരുടെയും മൊബൈലുകളിൽ ചാർജ് തീരാറായെന്നും, കൃത്യമായ ഒരു വിവരവും ഇന്ത്യൻ എംബസിയിൽ നിന്ന് കിട്ടുന്നില്ല.
കോവ എന്ന മെട്രോസ്റ്റേഷൻ നിലവിൽ ബങ്കറായി ഉപയോഗിക്കുകയാണ്. ഈ ബങ്കറിലാണ് ഔസഫ് ഹുസൈലടക്കമുള്ള മലയാളികൾ ഉള്ളത്. നൂറോളം മലയാളി വിദ്യാർത്ഥികളും അറുപതോളം മലയാളികളും ഈ ബങ്കറിലുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഇവർ ഈ ഭൂഗർഭമെട്രോ സ്റ്റേഷനിലേക്ക് മാറിയത്. കൊടുംതണുപ്പിൽ രാത്രിയിലും ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് പലരും. പുതപ്പോ തണുപ്പിനെ നേരിടാൻ മറ്റ് സൗകര്യങ്ങളോ ഇവർക്കില്ല. തണുപ്പിനെ പ്രതിരോധിക്കാൻ ഉള്ള കോട്ടുകൾ മാത്രമാണ് പലർക്കുമുള്ളത്.
പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ആക്രമണമുണ്ടാകും എന്ന് ഭീതിയിലാണ് പലരും. കയ്യിൽ കരുതിയിരുന്ന ഭക്ഷണം തീർന്ന അവസ്ഥയിലാണ്. വെള്ളവും കിട്ടിയിട്ടില്ല. ഒരു ദിവസത്തേക്കുള്ള ചെറിയ സ്‌നാക്ക്‌സ് മാത്രമാണ് കയ്യിൽ കരുതിയതെന്നാണ് ഔസഫ് പറയുന്നു. കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ ഈ ബങ്കറിലില്ല.
ആകെ രണ്ട് ശുചിമുറികളാണ് ആ മെട്രോ സ്റ്റേഷനിലുള്ളത്. ആ രണ്ട് ശുചിമുറികൾക്കും വാതിലുകളില്ല. പെൺകുട്ടികൾക്ക് ഈ ശുചിമുറി ഉപയോഗിക്കാൻ ഒരു വഴിയുമില്ല. വൃത്തി തീരെയില്ല. ബങ്കറിലെ എല്ലാവരും ഉപയോഗിക്കുന്നത് ഈ രണ്ട് വാതിലുകളില്ലാത്ത ശുചിമുറികളാണ്.
മൊബൈൽ ചാർജ് ചെയ്യാൻ നീണ്ട ക്യൂവാണ്. രണ്ട് സ്ലോട്ട് മാത്രമേ ചാർജ് ചെയ്യാനുള്ളൂ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണമെന്നാണ് കരുതുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പടിഞ്ഞാറൻ യുക്രൈനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ ഒരു വഴിയുമില്ലെന്നും അത് വളരെ അപകടകരമാണ് എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. എംബസി വഴിയല്ലാതെ രക്ഷപ്പെടാൻ വേറെ ഒരു വഴിയുമില്ലെന്നും ഔസഫ് ഹുസൈൽ പറയുന്നു.
ഒരു ലക്ഷത്തോളം പേർ യുക്രൈനിൽ നിന്ന് ഇതുവരെ പലായനം ചെയ്തതായാണ് റിപ്പോർട്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് ജനങ്ങൾ ബങ്കറുകളിൽ അഭയം കണ്ടെത്തിയത്. ഷെല്ലാക്രമണങ്ങളിൽ നിന്ന് രക്ഷതേടി സൈറണുകൾ മുഴങ്ങുമ്പോൾ, ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് ഓടിയൊളിക്കും.
രാത്രി പത്തുമണി മുതൽ രാവിലെ ആറുവരെ കർഫ്യു നിലനിൽക്കുന്നതിനാൽ ഭൂഗർഭ കേന്ദ്രങ്ങളിൽ നേരത്തെ സ്ഥാനം പിടിച്ചവരാണ് ഏറെയും. നഗരമേഖലകളിൽ മെട്രോ സ്റ്റേഷനുകളിൽ ആളുകൾ കൂട്ടമായി കിടന്നുറങ്ങി. മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെ ഇവിടെയുണ്ട്. രാത്രിയിലും സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി അവർ പറഞ്ഞു.
പ്രാണരക്ഷാർത്ഥം പതിനായിരങ്ങളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്നത്. റൊമേനിയ, പോളണ്ട്, ഹംഗറി തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് യുക്രൈൻ പൗരന്മാർ അതിർത്തി കടക്കുന്നത്. ഇതര രാജ്യക്കാരിൽ ഏറെയും യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്.
ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെയും മൃതദേഹങ്ങൾക്കു സമീപം വിലപിക്കുന്നവരുടെയും വേദനാജനകമായ ദൃശ്യങ്ങളാണ് പലതും. ബാങ്കുകൾക്കും പെട്രോൾ പമ്പുകൾക്കും സമീപം ജനം ക്യൂ നിൽക്കുന്ന ചിത്രങ്ങളുമുണ്ട്. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപം റഷ്യൻ മിസൈൽ പതിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കിഴക്കൻ യുക്രൈനിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചതിനു പിന്നാലെ കീവിനു സമീപം െവടിവയ്പും സ്‌ഫോടനങ്ങളുമുണ്ടായി. തിരിച്ചടിയിൽ റഷ്യയുടെ 50 ഓളം സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു
https://www.facebook.com/Malayalivartha






















