പലായനം തുടങ്ങി... യുദ്ധം അതിരൂക്ഷമായിരിക്കെ കീഴടങ്ങാന്‍ യുക്രെയ്ന്‍ സൈനികര്‍ക്ക് റഷ്യന്‍ ഉപദേശം; മരിച്ചാലും വേണ്ടില്ല തോല്‍ക്കില്ല എന്ന് ഉറക്കെ പറഞ്ഞ് മരണം വരിച്ച് യുക്രെയ്ന്‍ സൈനികര്‍; യുക്രെയ്‌നില്‍ നിന്ന് പലായനം തുടങ്ങി; 50 ലക്ഷം പേര്‍ അഭയാര്‍ഥികളാകുമെന്ന് യുഎന്‍

കൂട്ടപരാജയത്തിനിടയിലും യുക്രെയ്ന്‍ സൈനികരുടെ വീര്യം ലോകമെമ്പാടും കേട്ടു. ധീരതയോടെ മരണം വരിച്ച സൈനികര്‍ മാതൃകയാകുകയും ചെയ്തു. 'ഇതൊരു റഷ്യന്‍ യുദ്ധക്കപ്പലാണ്, നിങ്ങള്‍ ആയുധം വച്ചു കീഴടങ്ങിയാല്‍ അനാവശ്യമായ മരണങ്ങള്‍ ഒഴിവാക്കാം. കീഴടങ്ങുന്നില്ലെങ്കില്‍ ഞങ്ങള്‍ ബോംബിടും' ഇന്നലെ രാവിലെ കരിങ്കടലിലെ സ്മീന്‍യി ദ്വീപ് (സര്‍പ്പദ്വീപ്) കീഴടക്കാനെത്തിയ റഷ്യന്‍ യുദ്ധക്കപ്പലില്‍ നിന്ന് ദ്വീപിലെ യുക്രെയ്ന്‍ സൈനികര്‍ക്കുള്ള സന്ദേശമായിരുന്നു അത്.
എന്നാല്‍ മറുപടി ഹ്രസ്വമായിരുന്നു: 'പോയി തുലയെടാ!'. കലിപൂണ്ട റഷ്യന്‍ യുദ്ധക്കപ്പല്‍ ഒട്ടും വൈകാതെ ബോംബിട്ടു. ബോംബാക്രമണത്തില്‍ ദ്വീപിലെ അതിര്‍ത്തി രക്ഷാസേനയിലെ 13 സൈനികരും കൊല്ലപ്പെട്ടു. ദ്വീപില്‍ അവശേഷിച്ചിരുന്ന 82 സൈനികര്‍ കീഴടങ്ങിയതായി പിന്നീട് റഷ്യ അറിയിച്ചു. ദ്വീപ് റഷ്യന്‍ നിയന്ത്രണത്തിലായെങ്കിലും സൈനികര്‍ തമ്മിലുണ്ടായ അവസാന ശബ്ദസന്ദേശം ലോകമെങ്ങും പ്രചരിച്ചു.
റഷ്യന്‍ സൈന്യത്തോട് തുലയാന്‍ പറഞ്ഞു മരണം വരിച്ച 13 സൈനികര്‍ക്കും 'ഹീറോ ഓഫ് യുക്രെയ്ന്‍' പദവി മരണാനന്തര ബഹുമതിയായി നല്‍കുമെന്ന് പ്രസിഡന്റ് വൊളോമിഡിമിര്‍ സെലെന്‍സ്‌കി പ്രഖ്യാപിച്ചു.
അതേസമയം റഷ്യന്‍ അധിനിവേശം രണ്ടാം ദിവസം പിന്നിട്ടതോടെ യുക്രെയ്ന്‍ തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളില്‍നിന്നു ജനങ്ങള്‍ പലായനം തുടങ്ങി. ഇന്ധനം, പണം, മരുന്നുകള്‍ എന്നിവയ്ക്കു ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. 50 ലക്ഷം പേരെങ്കിലും രാജ്യം വിട്ടുപോയേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജന്‍സികള്‍ അറിയിച്ചു.
റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ രാജ്യത്തിനകത്ത് ഒരു ലക്ഷം പേരെങ്കിലും വീടും നാടും വിട്ടു പലായനം ചെയ്തതെന്നാണു യുഎന്‍ കണക്ക്. മോള്‍ഡോവ, റുമാനിയ, പോളണ്ട് എന്നിവ അടക്കം അയല്‍ രാജ്യങ്ങളിലേക്ക് പതിനായിരങ്ങള്‍ എത്തിക്കഴിഞ്ഞതായും യുഎന്‍ അഭയാര്‍ഥി വിഭാഗം സ്ഥിരീകരിച്ചു.
നഗരങ്ങള്‍ക്കു നേര്‍ക്കു മിസൈലാക്രമണം കനത്തതോടെ ആളുകള്‍ കുട്ടികളെയും കൊണ്ടു സബ് വേകളിലും ബോംബ് ഷെല്‍ട്ടറുകളിലും അഭയം തേടി. കെട്ടിടങ്ങള്‍ക്കു താഴെയുള്ള ഇടുങ്ങിയ ഷെല്‍ട്ടറുകളിലും നൂറുകണക്കിനുകളാണ് ഭയന്നു കഴിയുന്നത്. മിസൈലാക്രമണ മുന്നറിയിപ്പുകള്‍ നല്‍കുന്ന എയര്‍ സൈറണുകള്‍ കീവ് അടക്കം നഗരങ്ങളിലെല്ലാം ഇടവിട്ടുയര്‍ന്നുകൊണ്ടിരിക്കുന്നു.
യുക്രെയ്ന്‍ അതിര്‍ത്തി രാജ്യങ്ങളില്‍ അഭയാര്‍ഥികള്‍ക്കുള്ള താല്‍ക്കാലിക കേന്ദ്രങ്ങള്‍ സജ്ജമായിട്ടുണ്ട്. അഭയാര്‍ഥികളെ സഹായിക്കാനായി എസ്‌തോണിയയിലേക്ക് യുകെ 1000 സൈനികരെ അയച്ചു. ഇസ്രയേല്‍ ജീവകാരുണ്യ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
അതേസമയം ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തിയതായി റഷ്യ വ്യക്തമാക്കി. നിലയത്തിലെ ആണവ അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്ന ജോലി നിലവിലുള്ള ജീവനക്കാരെ തന്നെ ഉപയോഗിച്ച് നടത്തുന്നതായി റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആണവനിലയത്തിന് കാവല്‍ നിന്ന യുക്രെയ്ന്‍ സൈന്യത്തെ കനത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി റഷ്യ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതോടെ നിലയത്തിന്റെ സുരക്ഷയെപ്പറ്റി ലോകമെങ്ങും ആശങ്കയുയര്‍ന്നിരുന്നു.
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ യുക്രെയ്ന്‍ സേനയുമായി ചര്‍ച്ച നടത്തിയാണ് ഏറ്റെടുത്തതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ ഐഗര്‍ കോനഷെങ്കോവ് അറിയിച്ചു. ആണവവികിരണം തടയുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള അതേ ജീവനക്കാര്‍ തന്നെ തുടര്‍ന്നും ഇക്കാര്യം കൈകാര്യം ചെയ്യും.
അതേസമയം, റഷ്യയുടെ കൈയില്‍ സംരക്ഷണ പ്രവര്‍ത്തനം സുരക്ഷിതമല്ലെന്നാണ് യുക്രെയ്ന്‍ വ്യക്തമാക്കിയത്. സൈനിക വാഹനങ്ങള്‍ കാരണം ആണവ വികിരണമുള്ള പൊടിപടലം ഉയര്‍ന്നു. സാധാരണയിലും ഉയര്‍ന്ന ഗാമാ വികിരണങ്ങള്‍ രേഖപ്പെടുത്തിയതായി യുക്രെയ്‌നിലെ ന്യൂക്ലിയര്‍ എനര്‍ജി റഗുലേറ്ററി ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം ഐഗര്‍ കോനഷെങ്കോവ് നിഷേധിച്ചു.
"
https://www.facebook.com/Malayalivartha






















