ഒരു കോടി രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ്: സെക്കന്തരാബാദ് മിലിട്ടറി ഡയറി ഫാം മാനേജരും ഭാര്യയും ഹാജരാകാന്‍ സി ബി ഐ കോടതി ഉത്തരവ്:ഏപ്രില്‍ 6 ന് ഹാജരാകണം, വിചാരണ റീ ഷെഡ്യൂള്‍ ചെയ്യാനായാണ് സിബിഐ കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്: അനധികൃതമായി സമ്പാദിച്ച സ്ഥാവരജംഗമ സ്വത്തുക്കളുടെ ക്രയവിക്രയം കോടതി മരവിപ്പിച്ചു

ഒരു കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒന്നും രണ്ടും പ്രതികളായ തെലുങ്കാന സെക്കന്തരാബാദ് മിലിട്ടറി ഡയറി ഫാം മാനേജരും ഭാര്യയും ഹാജരാകാന്‍ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ സാക്ഷി വിസ്താര വിചാരണ തീയതികള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിലേക്ക് രണ്ടു പ്രതികളും ഏപ്രില്‍ 6 ന് ഹാജരാകാന്‍ സി ബി ഐ സ്‌പെഷ്യല്‍ ജഡ്ജി സനില്‍കുമാറാണ് ഉത്തരവിട്ടത്.
സിബിഐ കുറ്റപത്രത്തിലെ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലുള്ള 30 മുതല്‍ 48 പേരടങ്ങുന്ന സ്വതന്ത്ര സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള ഔദ്യോഗിക സാക്ഷികളെയും വിസ്തരിക്കുന്നതിലേക്കായുള്ള തീയതികള്‍ റീ ഷെഡ്യൂള്‍ ചെയ്യാനായാണ് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഇതിനോടകം 29 ഓളം പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തി വച്ച വിചാരണ പുന:ക്രമീകരിക്കുന്നതിലേക്കായാണ് പ്രതികളെ വീണ്ടും വിളിച്ചു വരുത്തുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 273 പ്രകാരം വിചാരണയിലുടനീളമുള്ള എല്ലാ തെളിവെടുപ്പുകളും പ്രതികളുടെ സാന്നിദ്ധ്യത്തില്‍ ആയിരിക്കണമെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
മിലിട്ടറി ഫാം മാനേജര്‍ക്കും ഭാര്യക്കുമെതിരെ നടക്കുന്ന വിചാരണയില്‍ പ്രതികള്‍ തങ്ങളുടെ ഓഫീസില്‍ വിലയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി 3 സബ്ബ് രജിസ്ട്രാര്‍മാര്‍ സിബിഐ കോടതിയില്‍ സാക്ഷി മൊഴി നല്‍കി. ആധാരങ്ങളും മറ്റു രേഖകളും ഒന്നു മുതല്‍ ഇരുപത്തിയൊന്ന് വരെയുള്ള നമ്പരായി അക്കമിട്ട് പ്രോസിക്യൂഷന്‍ ഭാഗം തെളിവായി കോടതി സ്വീകരിച്ചു.തിരുവനന്തപുരം ജില്ലയിലെ സബ്ബ് രജിസ്ട്രാര്‍മാരായ കെ.ജി. കനകലത , എന്‍. നീലകണ്ഠശര്‍മ്മ , എം. ബേബി , പി. രവികുമാര്‍ എന്നിവരാണ് സിബിഐ സാക്ഷികളായി പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്.
സെക്കന്തരാബാദ് മിലിട്ടറി ഫാം മാനേജര്‍ ആയിരുന്ന തിരുവനന്തപുരം വള്ളക്കടവ് കൃഷ്ണ ഭവനില്‍ താമസം എന്‍. കെ. കെ എന്നറിയപ്പെടുന്ന എന്‍.കൃഷ്ണന്‍കുട്ടി നായര്‍ , ഭാര്യയും വീട്ടമ്മയുമായ ബീന നായര്‍ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍. കുറ്റകൃത്യത്തില്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റകൃത്യത്തിനായി ഭര്‍ത്താവിനെ പ്രേരിപ്പിച്ചുവെന്നും സഹായിച്ചുവെന്നുമാരോപിച്ച് ഭാര്യക്കെതിരെ പ്രേരണാക്കുറ്റമാണ് സി ബി ഐ ചുമത്തിയിട്ടുള്ളത്.
2002- 05 കാലയളവിലാണ് കേസിനാസ്പദമായ അനധികൃത സ്വത്ത് സമ്പാദനം നന്നെത്. ഈ കാലയളവില്‍ ഒന്നാം പ്രതി ഉറവിടം വ്യക്തമാക്കാനാവാത്ത 90 , 72 ,174 രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നാണ് സി ബി ഐ കേസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിയുടെ ഓഫീസിലും ഔദ്യോഗിക വസതികളിലും തിരുവനന്തപുരത്തെ വീട്ടിലും ബാങ്ക് ലോക്കറിലും ഒരേ സമയം നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
സി ബി ഐ കോടതിയുടെ സെര്‍ച്ച് വാറണ്ടുത്തരവ് പ്രകാരമാണ് പ്രതിയുടെ വസതികളടക്കം റെയ്ഡ് ചെയ്തത്. 2006 ഫെബ്രുവരി 27 നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ അനധികൃതമായി സമ്പാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കളുടെ ക്രയ വിക്രയം കേസന്വേഷണ ഘട്ടത്തില്‍ സിബിഐ കോടതി മരവിപ്പിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 102 പ്രകാരമാണ് ബാങ്ക് അക്കൗണ്ട് അടക്കം കോടതി ഫ്രീസ് ചെയ്തത്.
2007 ആഗസ്റ്റ് 31നാണ് സി ബി ഐ ഡിവൈഎസ്പി. എം. ഷാജഹാന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 ( 2 ) , 13 ( 1 ) ( ഇ ) ( പൊതുസേവകന്‍ തന്റ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദനം നടത്തല്‍ ) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 109 ( കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തുകയും സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യല്‍ ) എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha






















