എല്ലാം പരമ രഹസ്യം... നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനേയും ബന്ധുക്കളേയും വീണ്ടും ശബ്ദ പരിശോധനയ്ക്കു വിധേയരാക്കി; ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രഹസ്യമായിട്ടായിരുന്നു പരിശോധന; കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണമെന്നു പ്രോസിക്യൂഷന്‍

ചാനലുകളായ ചാനലുകള്‍ ഉണ്ടെങ്കിലും ദിലീപും ബന്ധുക്കളും നൈസായി തിരുവനന്തപുരത്തെത്തി ശബ്ദ സാമ്പിള്‍ നല്‍കി തിരിച്ചു പോയി. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരെയാണ് വീണ്ടും ശബ്ദ പരിശോധനയ്ക്കു വിധേയരാക്കിയത്. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രഹസ്യമായിട്ടായിരുന്നു പരിശോധന.
കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ ശബ്ദ പരിശോധന രണ്ടാഴ്ച മുന്‍പ് ഇവിടെ നടത്തിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ ശബ്ദ സന്ദേശങ്ങള്‍ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനായിരുന്നു അന്നത്തെ പരിശോധന.
അതേസമയം നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞതു മൂന്നുമാസം വേണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന്റെ സ്വഭാവവും വ്യാപ്തിയും കണക്കിലെടുത്താണിത്. അന്വേഷണ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ രഹസ്യ കവറില്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നു തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ദൃശ്യങ്ങളുടെ കോപ്പി ഡിജിറ്റലി ലോക്ഡ് ആണെന്നും അതു തുറക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്താല്‍ കൃത്യമായി അറിയാനാവുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ടി.എ.ഷാജി അറിയിച്ചു. ദൃശ്യങ്ങളുടെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നുള്ള ദിലീപിന്റെ അഭിഭാഷകന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു പ്രോസിക്യൂഷന്‍. ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപില്‍നിന്നു കണ്ടെത്തിയെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമാണെന്നു പ്രതിഭാഗം ആരോപിച്ചിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ ഉദ്യോഗസ്ഥനും പങ്കുണ്ടെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട കഥ മെനയാനാവുമായിരുന്നില്ലേയെന്നു കോടതി വാക്കാല്‍ ചോദിച്ചു. അതിനു ബുദ്ധി വേണ്ടേ എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ പ്രതികരണം. വിചാരണ നീട്ടാനാണെങ്കില്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടതുണ്ടോയെന്നും വിചാരണ നീട്ടിയിട്ട് എന്താണു പ്രയോജനമെന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെയും വോയ്‌സ് ക്ലിപ്പുകളുടെയും സത്യാവസ്ഥ പരിശോധിക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.
മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ നല്‍കിയ നിവേദനത്തില്‍ എന്താണു നടപടി സ്വീകരിച്ചതെന്ന് അന്വേഷിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നു ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പിഴവുകള്‍ നികത്താനാണു തുടരന്വേഷണം. വീണ്ടും ശബ്ദ സാംപിളുകള്‍ എടുക്കുന്നതിനെയും പ്രതിഭാഗം ചോദ്യം ചെയ്തു.
ഇതിനിടെ, നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ പ്രത്യേക കോടതിയിലെ നടപടികള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിനു മറുപടി നല്‍കാന്‍ ദിലീപ് സമയം ചോദിച്ചതിനെ തുടര്‍ന്നാണിത്. ഹര്‍ജി നിലനില്‍ക്കില്ലെന്നു പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















