കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സൗജന്യം, മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ നടപടികള്‍, കേന്ദ്രത്തിന് പിന്നാലെ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി കേരളവും..!

ഉക്രൈനിൽ കുടുങ്ങിയവരുടെ രക്ഷ ദൗത്യത്തിനായി ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയയിലെ വിമാനത്താവളത്തിലെത്തി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്ത്യയിലേക്കെത്തുന്ന് ഇവരുടെ യാത്രാ ചെലവുകൾ കേന്ദ്രം വഹിക്കുമെന്ന ആശ്വാസ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇപ്പോൾ ഉക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളികളുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഉക്രൈനിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികൾ നിലവിൽ അവിടെയുണ്ട്.
അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാവണം. ഉക്രൈനിലുള്ള മലയാളി വിദ്യാർത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നുത്.
ആദ്യ ഇന്ത്യന്‍ സംഘത്തിൽ മലയാളികള്‍ ഉള്‍പ്പെടെ 470 പേരാണുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. ബുക്കോവിനിയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. യുദ്ധം മൂന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ ഭീതിയിലാണ് ഖാര്‍ക്കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.
നിരവധി വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളായി ബങ്കറുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. വിലക്കയറ്റവും കടകളില്‍ സാധനങ്ങളുടെ ലഭ്യത കുറയുന്നതും മൂലം വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. നിര്‍ദേശം ലഭിക്കാത്തവര്‍ നിലവില്‍ തുടരുന്ന സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. യുക്രൈനിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ അയൽ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും വി മുരളീധരൻ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
യുക്രെയ്നിന്‍റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രധാനമായും 4 അയൽ രാജ്യങ്ങൾ വഴിയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ കുടുങ്ങിയവരെയാണ് ഒഴിപ്പിക്കുക.
അതിര്‍ത്തികളില്‍ ഇന്ത്യാക്കാരെ എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്.യുക്രൈൻ അതിർത്തിയിൽ എത്തിയവരുടെ വിസ നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ എത്തിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ റൊമാനിയയിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha






















