ഗ്രാമപ്രദേശങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി

ഗ്രാമപ്രദേശങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വ്യാപകമായി മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നതായി പരാതി. കേരളത്തിലെ കടലില്‍ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം എത്തുന്നത്.
പുലര്‍ച്ചെ യാതൊരുവിധ ശീതീകരണ സംവിധാനങ്ങളുമില്ലാതെയാണ് ഇവ വാഹനങ്ങളില്‍ എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന മത്സ്യമാണ് അതിര്‍ത്തിയിലെ പ്രധാന മാര്‍ക്കറ്റായ പനച്ചമൂട്ടില്‍ ചെറുകിട കച്ചവടക്കാര്‍ക്കും കമ്മിഷന്‍ ഏജന്റുമാര്‍ക്കും ലേലം ചെയ്ത് നല്‍കുന്നത്. മല്‍സ്യങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് ലേലം ചെയ്യുന്നത്.
കേടായതും ദുര്‍ഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങള്‍ വരെ ഇവിടെ ലേലത്തിന് എത്താറുണ്ടെന്നാണ് ആക്ഷേപം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഒരു വണ്ടി നിറയെ ചീഞ്ഞ ചൂര മത്സ്യവുമായി കച്ചവടക്കാര്‍ പനച്ചമൂട്ടിലെത്തിയിരുന്നു. എന്നാല്‍ ചില കച്ചവടക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇവര്‍ കടന്നുകളയുകയായിരുന്നു.
ഗോവ, കര്‍ണ്ണാടക, ആന്ധ്ര, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപകമായി ഇത്തരത്തിലുള്ള മത്സ്യം എത്തുന്നത്. മലയോരഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള മത്സ്യം കഴിച്ചതുമൂലം ചിലര്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
https://www.facebook.com/Malayalivartha






















