കെ റെയില്‍ നടപടിക്രമങ്ങൾ വേഗത്തിലാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ; മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന.
നാളെ ഉച്ചയ്ക്ക് മുന്‍പായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി കഴിഞ്ഞു.
ഇതിനിടെ കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നു. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ ആരോപിച്ചത്. ഇതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. സജി ചെറിയാന്‍ ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ താന്‍ പുറത്തുകൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അലൈന്‍മെന്റിലെ മാറ്റത്തെക്കുറിച്ച് കെ റെയില്‍ എം ഡി അജിത്ത് കുമാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കാര്യങ്ങളെപറ്റി അറിയാവുന്ന ഒരു നേതാവ് ഇത്രയും വില കുറഞ്ഞ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി സജി ചെറിയാന്‍ പറഞ്ഞു. സാറ്റലൈറ്റ് മുഖേനയാണ് അലൈന്‍മെന്റ് നിശ്ചയിക്കുന്നത്. ഇതുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. അലൈന്‍മെന്റ് ഫൈനലൈസ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച സാമൂഹിക ആഘാത പഠനമാണ് നടക്കാന്‍ പോകുന്നത്. ഇതിനായുള്ള കല്ലിടലുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha