തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പാണ്. ഫലത്തെ സ്വാഗതം ചെയ്യുകയും ജനവിധിയെ മാനിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വര്‍ണ്ണക്കൊടിമരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചെറിയ തോതില്‍ പിറകോട്ടടി ഉണ്ടായിട്ടുണ്ട്. മുമ്പും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇത് പുതിയ കാര്യമല്ല. പരിശോധനകള്‍ നടത്തി കൂടുതല്‍ ശക്തിയോടെ മുന്നോട്ട് വരുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഒരു സ്വതന്ത്രനെ പിന്തുണച്ച് നഗരസഭ ഭരിക്കുമോ എന്ന ചോദ്യത്തിന്, ജനാധിപത്യപരമായി അധികാരത്തില്‍ വന്ന ഭരണസമിതിയെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തില്‍ ലഭിച്ചിരുന്നെങ്കില്‍ ആര്യ രാജേന്ദ്രന്‍ മികച്ച മേയര്‍ എന്ന് എല്ലാവരും പറഞ്ഞേനെ എന്നും, തന്നെക്കാള്‍ മികച്ച മേയറായിരുന്നു ആര്യ എന്നും വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. താന്‍ അഞ്ചുവര്‍ഷം തിരുവനന്തപുരം മേയര്‍ ആയിരുന്ന ആളാണ്. താന്‍ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളേക്കാള്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കോര്‍പ്പറേഷനില്‍ നടന്നിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ലേബര്‍ കോഡുകള്‍ക്കെതിരെ കേരളം പ്രതിരോധം തീര്‍ക്കും. ഇതിന് ബദലായി ഒരു തൊഴില്‍ നയം സംസ്ഥാനത്ത് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് തിരുവനന്തപുരത്ത് ലേബര്‍ കോണ്‍ക്ലേവ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുമെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























