കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചുള്ള കോടതി വിധി വന്നതിനു പിന്നാലെ നിരവധിപേരാണ് അതിജീവിതയുടെ നീതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. അതിജീവിതയുടെ നീതിയെക്കുറിച്ച് ചോദ്യമുയര്‍ത്തി സംവിധായകന്‍ കമലും രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി ലഭിച്ചിട്ടില്ല എന്ന് അവര്‍ വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പാക്കപ്പെട്ടില്ല എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു സംവിധായകന്‍ കമല്‍ പറഞ്ഞു.
''ഒന്നാം പ്രതിക്കെങ്കിലും ജീവപര്യന്തം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കുറ്റകൃത്യത്തിന്റെ തീവ്രത കുറഞ്ഞുപോയെന്ന് ജഡ്ജി കരുതിയോ എന്നറിയില്ല. ചെറുപ്പക്കാര്‍ തന്നെയാണ് നാട്ടില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. അതിജീവിതയെ സംബന്ധിച്ചിടത്തോളം നീതി ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം. അതിജീവിത അങ്ങനെ വിശ്വസിക്കുന്നിടത്തോളം നീതി നടപ്പായിട്ടില്ല എന്നുതന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്,''–കമല്‍ പറഞ്ഞു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് ആണ് കൂട്ടബലാത്സംഗ കേസില്‍ 1 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചത്. ഒന്നാം പ്രതിയായ എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുകയില്‍ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ജീവപര്യന്തം തടവാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്.
https://www.facebook.com/Malayalivartha



























