മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം

കേന്ദ്ര പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം. ബില്ലിനെ ദി വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്നാണ് വിളിക്കുന്നത്. ചുരുക്കി വിബി ജി റാം ജി എന്ന് വിളിക്കുന്നു. വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
2005ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി 2009ലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി തൊഴിലാളികള്‍ പദ്ധതിയുടെ ഭാഗമായി. നിലവില്‍ 100 ദിവസം ഉറപ്പ് നല്‍കുന്ന ജോലി 125 ആയി ഉയര്‍ത്താനാണ് പുതിയ ബില്ലിലെ നിര്‍ദേശം. ജോലി പൂര്‍ത്തിയായി ഒരാഴ്ചയ്ക്കുള്ളിലോ 15 ദിവസത്തിനുള്ളിലോ തൊഴിലാളികള്‍ക്ക് പണം നല്‍കണമെന്ന് പുതിയ ബില്ലില്‍ പറയുന്നു. സമയപരിധിക്കുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനത്തിനും വ്യവസ്ഥയുണ്ട്.
പദ്ധതിക്ക് കീഴിലുള്ള ജോലികളെ ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കുമെന്ന് പുതിയ ബില്‍ നിര്‍ദ്ദേശിക്കുന്നു. സുതാര്യത ഉറപ്പാക്കാന്‍, ബയോമെട്രിക്‌സും ജിയോടാഗിംഗും ഉപയോഗിക്കും. വിവിധ തലങ്ങളില്‍ പരാതി പരിഹാരത്തിനുള്ള വ്യവസ്ഥയുമുണ്ട്.
അതേസമയം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി ചോദിച്ചു. പദ്ധതിയുടെ ഭാഗമായ എല്ലാ സൗകര്യങ്ങളും മെച്ചപ്പെടുത്തുമ്പോഴും സര്‍ക്കാര്‍ പേരുമാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലജ്ജാകരമാണെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ഇന്ത്യയിലെ ഏറ്റവും വലിയ നേതാക്കളില്‍ ഒരാളാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ പേര് മാറ്റുമ്പോള്‍ വലിയ രീതിയിലുള്ള പേപ്പര്‍ വര്‍ക്കുകള്‍ നടത്തേണ്ടി വരുന്നു. അതിന് ധാരാളം ചെലവ് വരും. എന്തിനാണ് ഇത്തരത്തില്‍ സമയവും പൊതുജനത്തിന്റെ പണവും ചെലവാക്കുന്നു' പ്രിയങ്കാ ഗാന്ധി ചോദിച്ചു.
https://www.facebook.com/Malayalivartha



























