അതിജീവന സമരം നടത്തുന്നവരെ തീവ്രവാദികൾ എന്ന് വിളിക്കുന്ന താങ്കൾ, ചെങ്ങന്നൂരിലെ തന്റെ ആകെയുളള രണ്ട് സെന്റിലെ കുഞ്ഞു വീട്ടിൽ മഞ്ഞക്കല്ല് നാട്ടുന്നത് കണ്ട് ഹൃദയം പൊടിയുന്ന തങ്കമ്മയെയും തീവ്രവാദിയാക്കുകയാണോ? സജി ചെറിയാൻ തന്റെ ചെരുപ്പിന്റെ വിലയെങ്കിലും അതിജീവനത്തിനു വേണ്ടി സമരം ചെയ്യുന്നവർക്ക് കൊടുക്കണം; മന്ത്രി സജി ചെറിയാനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രി സജി ചെറിയാനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സജി ചെറിയാൻ തന്റെ ചെരുപ്പിന്റെ വിലയെങ്കിലും അതിജീവനത്തിനു വേണ്ടി സമരം ചെയ്യുന്നവർക്ക് കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ശ്രീ സജി ചെറിയാൻ, പ്രളയ കാലത്ത് വെള്ളത്തിൽ മുങ്ങി നില്ക്കുമ്പോഴും, സ്വന്തം ജീവനു വേണ്ടി ആളുകൾ നിലവിളിക്കുമ്പോഴും, താങ്കൾ കൈയ്യിൽ രണ്ട് ചെരുപ്പും പിടിച്ച് നില്ക്കുന്ന ചിത്രമാണിത്.
ആ ചെരുപ്പ് താങ്കളുടേതായതു കൊണ്ടും, അത് വെള്ളത്തിൽ നഷ്ടപ്പെടാതിരിക്കാനുമാണ് താങ്കൾ അത് സംരക്ഷിച്ച് പിടിച്ചിരിക്കുന്നത്. ഇതുപോലെ വെള്ളം കയറി താങ്കളുടെ കാറ് മുങ്ങുവാൻ പോയപ്പോൾ താങ്കൾ മാധ്യമങ്ങളിലൂടെ നിലവിളിച്ചത് കേരളം കേട്ടതാണ്. താങ്കളുടെ ആഢംബര കാറ് നഷ്ടമാകുമ്പോഴും, താങ്കളുടെ നിസ്സാരമായ ചെരുപ്പ് നഷ്ടപ്പെടാതിരിക്കാനുമൊക്കെ താങ്കൾ കാണിക്കുന്ന കരുതൽ അല്ലേ മന്ത്രി സാറെ , താങ്കളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾ അവരുടെ മനുഷ്യായുസിലെ സമ്പാദ്യമായ കൊച്ചു കൂരകൾ പോകാതിരിക്കാനായി ചെയ്യുന്നതും.
അതിജീവന സമരം നടത്തുന്നവരെ തീവ്രവാദികൾ എന്ന് വിളിക്കുന്ന താങ്കൾ, ചെങ്ങന്നൂരിലെ തന്റെ ആകെയുളള രണ്ട് സെന്റിലെ കുഞ്ഞു വീട്ടിൽ മഞ്ഞക്കല്ല് നാട്ടുന്നത് കണ്ട് ഹൃദയം പൊടിയുന്ന തങ്കമ്മയെയും തീവ്രവാദിയാക്കുകയാണോ? താങ്കളുടെ ആഢംബര കാറിന്റെയോ, താങ്കളുടെ ചെരുപ്പിന്റെയോ പോലും വില താങ്കൾ അവർക്ക് നല്കുന്നില്ലായെന്ന് വ്യക്തം.
സമരക്കാരെ തീവ്രവാദികളാക്കാതെ, ആദ്യം ആ DPR എടുത്ത് വെച്ച് വായിച്ച് പഠിക്ക്.. കാര്യങ്ങൾ താങ്കൾക്കറിയില്ലെങ്കിലും സമരക്കാർക്ക് നല്ല ധാരണയുണ്ട്. അതു കൊണ്ട് മനുഷ്യരായാൽ തെറ്റ് പറ്റില്ലേ എന്ന പൈങ്കിളി ന്യായങ്ങൾ പറയാതെയിരിക്കു, കാരണം താങ്കളെ ജയിപ്പിച്ച ജനത്തിന് അവർക്ക് തെറ്റ് പറ്റി എന്ന ബോധ്യമുണ്ട്.
https://www.facebook.com/Malayalivartha



























