മുഖ്യനെ തേച്ച് കോടിയരി! പറഞ്ഞതെല്ലാം പച്ചക്കള്ളം... സിപിഎമ്മിനെ തീർക്കാനുള്ള തുറുപ്പ് ചീട്ടായി വിജ്ഞാപനം... കെ റെയിൽ എന്ന കൊള്ള റെയിൽ

സിംഗൂരിനും നന്ദിഗ്രാമിനും ശേഷം ദേശീയതലത്തിൽ സി.പി.എമ്മിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ വികസനപദ്ധതിയാണ് സിൽവർ ലൈൻ. സിംഗൂരിലോ നന്ദിഗ്രാമിലോ പാർട്ടി ഉദ്ദേശിച്ച വ്യവസായശാലകൾ ഉയർന്നില്ല. മറിച്ച്, ജനങ്ങൾക്കു വേണ്ടാത്ത വികസനപദ്ധതികൾ മുന്നോട്ടുവെച്ചത് പശ്ചിമ ബംഗാളിൽ സി.പി.എമ്മിന്റെ അടിവേര് പിഴുതുകളഞ്ഞുവെന്നാണ് ചരിത്രം.
ജനരോഷം വകവയ്ക്കാതെ സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതു പാർട്ടിക്കു തിരിച്ചടിയാകുമോ എന്നു സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വന്നിരുന്നു. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് പോലും മോശമായ എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന ചിന്ത മനസ്സിൽ തോന്നി തുടങ്ങിയിട്ടുണ്ട്.
പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പമാണെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ടു സർക്കാർ കരുതലോടെ നീങ്ങണമെന്നു യോഗത്തിൽ അഭിപ്രായം ഉയർത്തി തടിതപ്പുകയാണ് ചെയ്തത്. ഇനിയിപ്പോൾ നാളെ ഒരു സമയത്ത് തിരിച്ചടിയായി എന്ന് സർക്കാർ തന്നെ മനസ്സിലാക്കുമ്പോൾ ഈസിയായി ദേശീയ നേതൃത്വത്തിന് ഇപ്പോഴെടുത്ത മുൻകൂർ ജാമ്യത്താൽ കയ്യൊഴിയാം.
കനൽ ഒരു തരി മതി എന്ന് പറയുന്ന പോലെ ആ തരി എപ്പോൾ വേണമെങ്കിലും കെട്ടു പോകാം എന്ന അവസ്ഥയാണ് കേരളത്തിൽ. അതിന് മുൻകൈ എടുത്ത് മുഖ്യമന്ത്രിയും. സർക്കാരിന്റെ സ്വപ്ന പദ്ധിതിയായ കെ റെയിൽ തന്നെയാണ് ഇതിന് കാണമായി പോകുന്നത്. പദ്ധതി മാത്രമല്ല, ഇനി തിരികെ അധികാരത്തിൽ എത്താം എന്നതും ചിലപ്പോൾ ഒരു സ്വപ്നം മാത്രമായി അവശേഷിക്കാം.
അതിനിടയിലാണ് സർക്കാരിന്റെ പൊയ്മുഖം ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. കെ റെയിൽ സിൽവർ ലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്.
എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു. കെ റെയിൽ സമരം കത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവർത്തിക്കുന്നത് സർവ്വെ ഭൂമി ഏറ്റെടുക്കാനല്ലെന്നാണ്.
എന്നാൽ 2021 ഒക്ടോബർ 8 ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നത് തിരുവനന്തപുരം-കാസർക്കോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിൻറെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വെ നടത്തണമെന്നാണ്. സർവ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങൾ ഇടണമെന്നും നിർദ്ദേശിക്കുന്നു. 61 ലെ സർവ്വെസ് ആൻറ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നത്.
ഭൂമി ഏറ്റെടുക്കാൻ തന്നെയെന്നാണ് വിജ്ഞാപനമെന്നാണ് ഒറ്റ നോട്ടത്തിൽ വിജ്ഞാപനം മനസ്സിലാക്കി തരുന്നത്. അതേസമയം, സർക്കാർ പ്രതിരോധം റവന്യുവകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവാണ്. ഉത്തരവിന്റെ അവസാന ഭാഗത്ത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയിൽവെ മന്ത്രാലയത്തിൻറെ അന്തിമ അനുമതിക്ക് ശേഷം മാത്രമെന്നാണ്.
പക്ഷെ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞാണ് വിജ്ഞാപനം. മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രേമ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങൂ എന്ന് പറഞ്ഞുള്ള സർക്കാർ പിടിവള്ളിയാക്കുുന്ന ഉത്തരവിൽ തന്നെ ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും 11 സ്പെഷ്യൽ തഹസിൽദാർമാരെയും നിയമിക്കുന്നുമുണ്ട്.
അതായത് സർവ്വെയെ കുറിച്ചുള്ള വിജ്ഞാപനും ഉത്തരവും ആശയക്കുഴപ്പം രൂക്ഷമാക്കുന്നു. കല്ലിടലിൻറെ ഉത്തരവാദിത്തത്തിലും ബഫർസോണിലുമെന്നെ പോലെ ഭൂമി ഏറ്റെടുക്കലിലും ഉള്ളത് ദുരൂഹതയാണ്. കല്ലിട്ട് സർവ്വെ നടക്കുന്ന ഭൂമി നാളെ ഏറ്റെടുക്കുമോ ഇല്ലയോ എന്ന് വ്യക്തമായ ഉറപ്പ് ആർക്കുമില്ല. ചുരുക്കി പറഞ്ഞാൽ ആകെ ഒരു പുകമറ സൃഷ്ടിച്ച് തന്നെയാണ് പദ്ധതി മുന്നോട്ട് നീങ്ങുന്നത്.
സിൽവർ ലൈൻ കേരളത്തെയാണോ പാർട്ടിയെയാണോ തകർക്കുകയെന്ന വലിയ ചോദ്യത്തിനു മുന്നിലാണ് സംസ്ഥാന രാഷ്ട്രീയം. പദ്ധതിക്കാര്യങ്ങൾ ഇന്നത്തെ നിലയിൽ മുന്നോട്ടുപോയാൽ രണ്ടിലൊന്ന് സംഭവിച്ചേ തീരൂ എന്ന് കാണുന്നവരാണ് ഏറെ.
മുമ്പ് പശ്ചിമ ബംഗാൾ ഘടകത്തിനായിരുന്നു കരുത്തെങ്കിൽ, പാർട്ടിയുടെ കേന്ദ്ര ആസ്ഥാനം ഇന്ന് ചലിപ്പിക്കുന്നത് കേരള ഘടകമാണ്. അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെയും മറ്റും ശക്തമായി എതിർത്ത കാലം വിട്ട്, സിൽവർ ലൈനിനെക്കുറിച്ച ചോദ്യങ്ങൾക്കു മുന്നിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൗനം പാലിക്കുന്നു; ഒഴിഞ്ഞുമാറുന്നു.
ഇതത്രയും മുൻനിർത്തി നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്: അനുമതി നൽകേണ്ട കേന്ദ്രത്തിന്റെയോ പദ്ധതി ബാധിക്കപ്പെടുന്ന ജനങ്ങളുടെയോ പച്ചക്കൊടിയില്ലാതെ വെറുതെ ചൂളമടിക്കുകയാണ് സിൽവർ ലൈൻ. നിലവിലുള്ള റെയിൽപാതകൾ ഇരട്ടിപ്പിക്കാൻപോലും ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾമൂലം കഴിയാത്ത നാടാണ് കേരളം. അതിനിടയിലാണ്, സമരങ്ങളെ പുച്ഛിച്ചും ജനവിശ്വാസം നേടാതെയും ഒരു പദ്ധതി നടത്തിയെടുക്കാൻ കാണിക്കുന്ന ദുരൂഹമായ തിടുക്കം .
https://www.facebook.com/Malayalivartha