സര്‍വീസ് ആരംഭിച്ച ആദ്യ ദിവസം തന്നെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ നടപടി

സംസ്ഥാനത്ത് സര്‍വീസ് ആരംഭിച്ച ആദ്യ ദിവസം തന്നെ കെ എസ് ആര്‍ ടി സിയുടെ കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ നടപടി. ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കിയതായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെടുത്തത്.
ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നും അപകടങ്ങളില്‍ വലിയ വീഴ്ചയുണ്ടായെന്ന് ഇന്റെണല്‍ കമ്മിറ്റി അന്വേഷണത്തില്‍ കണ്ടെത്തി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ബസ് ഏപ്രില്‍ 11ന് രാത്രി 11ന് കല്ലമ്ബലത്ത് വച്ചും പിറ്റേന്ന് മലപ്പുറത്ത് കോട്ടയ്ക്കലില്‍ രാവിലെ 10.25നും അപകടത്തില്‍ പെട്ടു.
മിന്നല്‍ ബസുമായി ഉരസിയും അപകടമുണ്ടായി. ഇതോടെ സ്വിഫ്റ്റ് സര്‍വീസുകള്‍ക്കെതിരെ ഗൂഢാലോചനയുണ്ടോ എന്ന് മന്ത്രി ആന്റണി രാജു സംശയം ഉന്നയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് കെഎസ്ആര്‍ടിസി എം.ഡി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. വിലയേറിയ വോള്‍വോ, അശോക് ലെയ്‌ലാന്‍ഡ് ബസുകളാണ് സ്വിഫ്റ്റിനുളളത്.
കെസ്വിഫ്റ്റിന്റെ ആദ്യ ട്രിപ് പോയ ബസ് തന്നെ അപകടത്തില്‍പെട്ടതില്‍ ഗൂഢാലോചന സംശയിക്കുന്നതായി നേരത്തേ കെ എസ് ആര്‍ ടി സി സി എം ഡി ബിജു പ്രഭാകറും പറഞ്ഞിരുന്നു. കെ എസ് ആര്‍ ടി സി ഏത് പുതിയ ബസ് ഇറക്കിയാലും അത് അപകടത്തില്‍പെടുന്നത് പതിവാണ്. ഇതിനു പിന്നില്‍ സ്വകാര്യ ബസ് ലോബിക്ക് പങ്കുണ്ടോയെന്ന സംശയവും ഉണ്ടായിരുന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ സെമി സ്ലീപ്പര്‍ നോണ്‍ എസി ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്.
മലപ്പുറം ചങ്കുവെട്ടിയില്‍ വച്ച് സ്വകാര്യ ബസ് കെ സ്വിഫ്റ്റ് തിരുവനന്തപുരം ഡീലക്‌സില്‍ ഉരസി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.കെ സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. പകരം കെഎസ്ആര്‍ടിസിയുടെ മിറര്‍ സ്ഥാപിച്ചാണ് സര്‍വീസ് തുടര്‍ന്നത്.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കെഎസ് ആര്‍ടിസി എംഡി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സഌപ്പറും, 20 എസി സെമി സഌപ്പറും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha
























