ആലപ്പുഴയില്‍ നിന്നും പിടിച്ചെടുത്ത മീനുകള്‍ക്ക് ഒരു മാസത്തെ പഴക്കം...

കൊച്ചിയിലെ ഹാര്‍ബറില്‍ നിന്ന് ആലപ്പുഴയില്‍ ചില്ലറ വില്പനയ്ക്കായെത്തിയ മീനുകള്‍ക്ക് ഒരു മാസത്തെ പഴക്കം. വഴിച്ചേരി മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ചീഞ്ഞതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ മീനുകള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു പരിശോധന.
ഹരിപ്പാട് ഡാണാപ്പടിയില്‍ നിന്ന് 5 കിലോ പഴകിയ മത്സ്യം പിടികൂടുകയും നാല് കച്ചവടക്കാര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. വഴിച്ചേരിയില്‍ അബ്ദുള്‍ ലത്തീഫ്, അലക്‌സാണ്ടര്‍ എന്നീ മത്സ്യവില്‍പനക്കാരുടെ തട്ടില്‍ നിന്നാണ് മത്സ്യം പിടികൂടിയത്. അബ്ദുല്‍ ലത്തീഫിനെ നേരത്തെയും ഉപയോഗയോഗ്യമല്ലാത്ത മത്സ്യം വിറ്റഴിച്ചതിനു പിടികൂടിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറഞ്ഞു.
95 കിലോ മീനാണ് പിടിച്ചെടുത്തത്. ഫോര്‍മലിന്‍ ചേര്‍ത്ത, 85 കിലോ കേരയും ചൂരയുമാണ് പിടികൂടിയത്. ഒപ്പം 7 കിലോ ചീഞ്ഞ സിലോപ്യയും ഉണ്ടായിരുന്നു. വഴിച്ചേരി പാലത്തിനു സമീപത്തെ മത്സ്യത്തട്ടില്‍ നിന്ന് 3 കിലോ ചീഞ്ഞ നെമ്മീനും പിടികൂടി.
കൊച്ചിയിലെ ഹാര്‍ബറില്‍ നിന്ന് എത്തിച്ച മത്സ്യമായിരുന്നു. പിടിച്ചെടുത്ത മത്സ്യം മാര്‍ക്കറ്റിനു സമീപം കുഴിച്ചുമൂടി. എല്ലായിടത്തും പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചിരുന്നു. പിടിച്ചെടുത്ത മത്സ്യത്തിന്റെ തൂക്കമനുസരിച്ച് കച്ചവടക്കാരില്‍ നിന്നു പിഴ ഈടാക്കും. പഴകിയ മത്സ്യം ആവര്‍ത്തിച്ച് പിടികൂടുന്നവര്‍ക്കെതിരെ കൂടുതല്‍ പിഴയുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.
പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ ഡപ്യൂട്ടി കമ്മിഷണര്‍ക്ക് ഇന്നലെ നല്‍കി. വഴിച്ചേരി മാര്‍ക്കറ്റില്‍ ഉപയോഗശൂന്യമായ മത്സ്യമാണ് ചിലര്‍ വിറ്റഴിക്കുന്നതെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി ഉന്നയിച്ചിരുന്നു. ജില്ലാ അസിസ്റ്റന്റ് കമ്മിഷണര്‍ രഘുനാഥക്കുറുപ്പിന്റെ മേല്‍നോട്ടത്തില്‍, ആലപ്പുഴ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ മീരാദേവി, കുട്ടനാട് ഓഫിസര്‍ ചിത്ര മേരി തോമസ്, ജീവനക്കാരന്‍ ബിജുരാജ് എന്നിവര്‍ ആലപ്പുഴയിലും ഓഫിസര്‍മാരായ രാഹുല്‍രാജ്, ആദര്‍ശ് വിജയ് എന്നിവര്‍ ഹരിപ്പാട്, കായംകുളം മേഖലകളിലും പരിശോധന നടത്തി.
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് പഴകിയ മത്സ്യം കഴിച്ച് നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ എല്ലായിടത്തും പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും ആലപ്പുഴയില്‍ നടപടി ഉണ്ടാകാത്തത് വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.
\
https://www.facebook.com/Malayalivartha























