കളിയ്ക്ക് മറുകളി റെഡി... നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും; തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് പിന്നാലെ ഇന്നത്തെ കോടതി വിധി ദിലീപിനെ സംബന്ധിച്ച് ഏറെ നിര്‍ണായകം; കാവ്യയെ ചോദ്യം ചെയ്യുന്നത് നീളുന്നു

ദിലീപിനെ സംബന്ധിച്ച് ഓരോ ദിവസവും തിരിച്ചടി നേരിടുകയാണ്. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളിക്കളഞ്ഞിരുന്നു. അതിന് പിന്നാലെ ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.
ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 2017 ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ജൂലായിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.
കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ഓഡിയോകളില്‍ ജാമ്യ വ്യവസ്ഥയ്ക്ക് എതിരായ കാര്യങ്ങളാണ് നടന്നത്. ഇത് ദിലീപിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ദിലീപിന് ഇത് നിഷേധിക്കാന്‍ ശക്തമായി വാദിക്കേണ്ടി വരും.
നടിയെ ആക്രമിച്ച കേസില്‍ വിസ്താരം തുടങ്ങും മുമ്പ് സാക്ഷിമൊഴികള്‍ മാറ്റിപ്പറയിക്കാന്‍ ശ്രമിച്ചതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തായി. ദിലീപിന്റെ സഹോദരന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന അനൂപും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയും തമ്മിലുള്ള ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
ഇത് ദിലീപിന് വലിയ കുരുക്കായിരിക്കുകയാണ്. ദിലീപിന് ജയിലില്‍ നിന്ന് പള്‍സര്‍ സുനി അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്നാണ് ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ള അനൂപിനെ പഠിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപും മറ്റൊരു അഭിഭാഷകനായ ഫിലിപ് ടി. വര്‍ഗീസും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നിരുന്നു. കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയത് 2017 ഏപ്രില്‍ 17നായിരുന്നു.
ഏപ്രില്‍ 10നാണ് ദിലീപിന് ജയിലില്‍ വച്ച് സുനില്‍ കത്തെഴുതിയത്. കത്ത് ദിലീപിന് കൈമാറാന്‍ സുനിയുടെ ആവശ്യപ്രകാരം സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു. ദിലിപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ എങ്ങനെ തിരുത്തണമെന്ന് രാമന്‍പിള്ള അനൂപിനെ ഉപദേശിക്കുന്നു. അനൂപിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ക്രൈംബ്രാഞ്ചിന് ശബ്ദരേഖ ലഭിച്ചത്.
അതിനിട നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നല്‍കുന്ന അപേക്ഷകളിലെയും സത്യവാങ്മൂലങ്ങളിലെയും വിവരങ്ങള്‍ മാദ്ധ്യമങ്ങളുള്‍പ്പെടെ ആര്‍ക്കും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ച ഉത്തരവിലാണ് നിര്‍ദ്ദേശമുള്ളത്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. ഇക്കാര്യം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഉറപ്പാക്കണം. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച് അന്വേഷണസംഘം കോടതിയില്‍ നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇങ്ങനെ നിര്‍ദ്ദേശിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏതായാലും ദിലീപിനെ സംബന്ധിച്ച് സുപ്രധാനമാണ് ഇന്നത്തെ ദിവസം. ജാമ്യം റദ്ദാക്കിയാല്‍ വീണ്ടും അകത്താകേണ്ടി വരും. പിന്നെ ജാമ്യം കിട്ടുക പ്രയാസമാണ്. ഈ കേസിന്റെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും കാവ്യയെ ഇനി ചോദ്യം ചെയ്യുക.
https://www.facebook.com/Malayalivartha























