മൊഴിമാറ്റല്‍ പോയ പോക്ക്... അനൂപും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും തമ്മിലുള്ള ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്; പള്‍സര്‍ സുനിയ്ക്ക് എങ്ങനെ മറുപടി നല്‍കണം; ഇനിയും ഓഡിയോ പുറത്ത് വിടാതിക്കാന്‍ അഭിഭാഷകരുടെ നീക്കം; പൊതുജന മധ്യത്തില്‍ സത്യം വെളിവാകുന്നു

നടിയെ ആക്രമിച്ച കേസില്‍ ഓരോ ദിവസവും നിര്‍ണായകമായ ഓഡിയോ ക്ലിപ്പുകളാണ് പുറത്ത് വരുന്നത്. കോടതിയില്‍ ഒരുപക്ഷേ ഇത് വിജയിച്ചില്ലെങ്കിലും പൊതുജന മധ്യത്തില്‍ സംഭവത്തിന്റെ പിന്നിലെ കളികള്‍ ചര്‍ച്ചയാകുകയാണ്. നടിയെ ആക്രമിച്ച കേസില്‍ വിസ്താരം തുടങ്ങും മുമ്പ് സാക്ഷിമൊഴികള്‍ മാറ്റിപ്പറയിക്കാന്‍ ശ്രമിച്ചതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തായിരിക്കുകയാണ്.
ദിലീപിന്റെ സഹോദരന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന അനൂപും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നത്. ദിലീപിന് ജയിലില്‍ നിന്ന് പള്‍സര്‍ സുനി അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്നാണ് ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ള അനൂപിനെ പഠിക്കുന്നത്. അതിന് പിന്നാലെ അനൂപും മറ്റൊരു അഭിഭാഷകനായ ഫിലിപ് ടി. വര്‍ഗീസും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നു.
നടി മഞ്ചു വാര്യര്‍ക്കെതിരെ മൊഴി നല്‍കണമെന്നതുള്‍പ്പെടെ, ദിലീപിന്റെ സഹോദരനും പ്രോസിക്യൂഷന്‍ സാക്ഷിയുമായ അനൂപിന് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനു തെളിവായാണ് പ്രോസിക്യൂഷന്‍ ഈ ശബ്ദരേഖ കോടതിക്ക് കൈമാറിയത്.
മഞ്ചു മദ്യപിക്കാറുണ്ടോയെന്ന് അഭിഭാഷകന്‍ ചോദിക്കുമ്പോള്‍ എനിക്കറിയില്ല, ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മറുപടി. മഞ്ചു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാണ് അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്നത്. മഞ്ചു പലവട്ടം മദ്യപിച്ച് വീട്ടില്‍ വന്നിട്ടുണ്ട്. വീട്ടില്‍ എല്ലാവര്‍ക്കും അതറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടന്‍ നോക്കാമെന്നല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മില്‍ ഞങ്ങളുടെ മുന്നില്‍വച്ച് തര്‍ക്കമുണ്ടായിട്ടില്ല. പത്തു വര്‍ഷത്തിലേറെയായി ചേട്ടന്‍ മദ്യം തൊടാറില്ല... ഇത്തരത്തില്‍ പറയണമെന്നാണ് അഭിഭാഷകന്റെ ഉപദേശം.
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന വാദത്തിന് നല്‍കേണ്ട മൊഴികളും അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ട വേദനയും ചുമയുമുണ്ടായിരുന്നു, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയില്‍ പോയി കാണുമായിരുന്നു എന്ന് പറയണമെന്ന് അഭിഭാഷകന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ശത്രുവാണ്. ശ്രീകുമാര്‍ മേനോനും മഞ്ചു വാര്യരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഗുരുവായൂരിലെ ഡാന്‍സ് പ്രോഗ്രാമിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായെന്ന് പറയണം. മഞ്ചുവും ദിലീപും തമ്മില്‍ നൃത്ത പരിപാടികളുടെ പേരില്‍ വഴക്ക് പതിവായിരുന്നെന്ന് പറയാനും അനൂപിനെ പഠിപ്പിക്കുന്നുണ്ട്.
കേസില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയത് 2017 ഏപ്രില്‍ 17നായിരുന്നു. ഏപ്രില്‍ 10നാണ് ദിലീപിന് ജയിലില്‍ വച്ച് സുനില്‍ കത്തെഴുതിയത്. കത്ത് ദിലീപിന് കൈമാറാന്‍ സുനിയുടെ ആവശ്യപ്രകാരം സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു. ദിലിപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ എങ്ങനെ തിരുത്തണമെന്ന് രാമന്‍പിള്ള അനൂപിനെ ഉപദേശിക്കുന്നു. അനൂപിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ക്രൈംബ്രാഞ്ചിന് ശബ്ദരേഖ ലഭിച്ചത്.
ക്രിമിനല്‍ കേസില്‍ അഭിഭാഷകന്‍ നല്‍കുന്ന നിയമപരമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഇത്തരത്തില്‍ വ്യവഹാര വിഷയമാക്കാമോ എന്നതാണ് ഒരുവിഭാഗം അഭിഭാഷകര്‍ ഉന്നയിക്കുന്ന നിയമപ്രശ്‌നം. അഭിഭാഷകന്‍ മുന്‍പാകെ പ്രതിനടത്തുന്ന കുറ്റസമ്മതത്തിന്റെ ശബ്ദരേഖ പുറത്തുവന്നാല്‍ പോലും അതു വിചാരണവേളയില്‍ പ്രതിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയില്ല. പുറത്തു വന്ന ബി.രാമന്‍പിള്ളയുടെ ശബ്ദരേഖ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം കക്ഷിയെ മൊഴിപറയാന്‍ പഠിപ്പിച്ചെന്ന ആരോപണമല്ല ബി.രാമന്‍പിള്ള നേരിടുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയെ മൊഴിമാറ്റി പറയാന്‍ പഠിപ്പിക്കുന്നു എന്നതാണ്. അഭിഭാഷകരെ ചോദ്യംചെയ്യുന്നതിനു മുന്നോടിയായി അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























