കെ എസ് ആർ ടി സി യിൽ ശമ്പളം മുടങ്ങിയാലെന്ത്; മന്ത്രിമാർക്ക് പുത്തൻ ആഢംബര കാർ തന്നെ വേണം. ടൂറിസം വകുപ്പിന്റെ ശുപാർശ ധനകാര്യ വകുപ്പ് അംഗീകരിച്ചു. വാങ്ങുന്നത് പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അംഗീകരിച്ചു കൊണ്ടായിരുന്നു കെ എൻ ബാലഗോപാൽ മാർച്ച് 11 ന് സംസ്ഥാനത്തിന്റെ സമ്പൂർണ്ണ ബഡ്ജറ്റ് അവതരിപ്പിച്ചത്. തുടർച്ചയായി വന്ന രണ്ട് പ്രളയവും കൊവിഡ് പ്രതിസന്ധിയുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തിന്റെ പൊതു കടം 3.27 ലക്ഷം കോടി പിന്നിടുന്നു. ചരിത്രത്തിൽ ഏറ്റവും വലിയ റവന്യു കമ്മിയാണ് നേരിടേണ്ടത്. വരുമാനവും ചെലവും തമ്മിലുള്ള അന്തരം 31000 കോടി രൂപയിലധികം . നാൽപ്പത് ശതമാനം വ്യത്യാസമാണ് വരവും ചെലവും തമ്മിൽ . ഏറ്റവും ഒടുവിൽ ശമ്പളമില്ലാതെ വിഷുവിനും ഈസ്റ്ററിനും പട്ടിണി കിടക്കേണ്ടി വന്ന കെ എസ് ആർ ടി സി ജീവനക്കാരെ നമ്മൾ കണ്ടു. ഇത് കാണാതിരിക്കുന്നത് സംസ്ഥാനത്തെ മന്ത്രിമാർ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ മന്ത്രിമാർക്കായി വാങ്ങാനാണ് സർക്കാർ തീരുമാനം.കാറ് വാങ്ങുന്നതിനുള്ള ടൂറിസം വകുപ്പിന്റെ ശുപാർശ ധനകാര്യ വകുപ്പ് അംഗീകരിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ അടുത്തയാഴ്ച തന്നെ ഉത്തരവിറങ്ങും. ധനമന്ത്രി കെ എൻ ബാലഗോപാലന്റെ കാറിന്റെ ടയർ അടുത്തിടെ ഓട്ടത്തിനിടയിൽ ഊരി പൊട്ടിത്തെറിച്ചിരുന്നു. ഇതോടെയാണ് പുതിയ കാറ് വാങ്ങുന്നതിനുള്ള ആലോചന ആരംഭിച്ചത്. ഇപ്പോൾ മന്ത്രിമാർ ഉപയോഗിക്കുന്ന എല്ലാ ഇന്നോവ ക്രിസ്റ്റ കാറുകളും കഷ്ടി മൂന്ന് വർഷം മുമ്പാണ് വാങ്ങിയത്. കോടികൾ ചെലവിട്ട് പഴയ ഇന്നോവ കാറുകൾക്ക് പകരം പുതിയ ക്രിസ്റ്റ എല്ലാ മന്ത്രിമാർക്കുമായി വാങ്ങുകയായിരുന്നു . സർക്കാർ വാഹനങ്ങൾക്ക് പത്ത് വർഷമോ മൂന്ന് ലക്ഷം കിലോമീറ്ററോ ആണ് സേവന കാലാവധി. മന്ത്രിമാർക്ക് ആവശ്യമാണെങ്കിൽ മൂന്ന് ലക്ഷം കിലോമീറ്ററിൽ കാറ് മാറ്റാം . ഈ പരിധി പൂർത്തിയായാലുടൻ തന്നെ വാഹനത്തിന് ഒരു കുഴപ്പവുമില്ലെങ്കിലും പുതിയ വാഹനം വാങ്ങാനാണ് പല മന്ത്രിമാരും തീരുമാനിച്ചത്. സർക്കാർ വാഹനങ്ങളുടെ ടയർ മുപ്പത്തിരണ്ടായിരം കിലോമീറ്റർ കൂടുമ്പോഴാണ് മാറ്റേണ്ടത് . എന്നാൽ മന്ത്രിമാരുടെ വാഹനത്തിന്റെ ടയറിന് കിലോമീറ്റർ പരിധി നിശ്ചയിച്ചിട്ടില്ല. തേയ്മാനം സംഭവിച്ചതായി ടൂറിസം വകുപ്പിനെ അറിയിച്ചാൽ മതി. ഈ പഴുത് ഉപയോഗിച്ച് പല മന്ത്രിമാരുടെയും വാഹനത്തിന്റെ ടയറുകൾ നിരവധി തവണ മാറ്റിയിട്ടുണ്ട്. മന്ത്രിമാർ ഉപേക്ഷിക്കുന്ന വാഹനങ്ങൾ ടൂറിസം വകുപ്പ് തിരിച്ചെടുക്കും. പിന്നീട് അറ്റകുറ്റപ്പണി . ഇതിനും വലിയ തോതിൽ പണം ചെലവാകും. അഴിമതിയും കമ്മീഷനും വേറെ.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രിക്ക് രണ്ട് ഇന്നോവ ക്രിസ്റ്റയും അകമ്പടിക്കായി ഒരു ടാറ്റ ഹാരിയറും വാങ്ങിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പുതിയ കറുത്ത കാറാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. ഇതിനു പിന്നാലെയാണ് ധന പ്രതിസന്ധി വകവയ്ക്കാതെ പത്ത് മന്ത്രിമാർ കൂടി തിടുക്കത്തിൽ കാറ് വാങ്ങുന്നത്.