ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ വഴിത്തിരിവ്; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്... അകത്തായത് 4 പേർ, പിടിയിലായത് കൊലയാളി സംഘത്തിന് വാഹനം നൽകിയവർ

ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ പിടിയിലായെന്ന് സൂചന. കൊലയാളിസംഘത്തിന് വാഹനം നൽകിയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചന നടത്തിയവരും,സംരക്ഷണം നൽകിയവരും ഉൾപ്പെടെ 12 പ്രതികൾ കേസിലുണ്ടാവുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
കൊലയാളി സംഘത്തിലെ നാല് പേരുടെ വിവരങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇന്നലെ 83 എസ്ഡിപിഐ പ്രവർത്തകാരെയും പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ഇവരിൽ നിന്ന് 25 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള എസ്ഡിപിഐ പ്രവർത്തകരെയാണ് തടവിൽ ഇട്ടിരിക്കുന്നത്.
മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമികൾ പാലക്കാട് വലിയങ്ങാടി മാർക്കറ്റിന് മുൻപിലൂടെ കടന്ന് പോവുന്ന ദ്യശ്യങ്ങളാണ് ജനം ടിവിക്ക് ലഭിച്ചത്. അക്രമികളുടെ വാഹനങ്ങൾ ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങളിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട് കൊലപാതകത്തിന് ജില്ലാ ആശുപത്രിയിൽ നിന്നും അക്രമികൾ എത്തിയത് വലിയങ്ങാടി വഴിയാണെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഏപ്രിൽ പതിനാറിന് ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയിൽവച്ചാണ് ശ്രീനിവാസൻ ആക്രമണത്തിനിരയായത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നു പേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞു കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
എന്നാൽ, സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്നും അവർ കേരളത്തിൽ തന്നെയുണ്ടെന്ന് പറയുമ്പോഴും അതിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിനായിട്ടില്ല. സുബൈർ വധത്തിൽ പ്രതികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്.
ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.
https://www.facebook.com/Malayalivartha






















