അടിമാലി റേഞ്ചിലെ വരയാട്ട് മുടിയില്‍ വരയാടുകളെ കണ്ടെത്തി... വരയാട്ട് മുടിയെ ടൂറിസം മേഖലയായി പ്രഖ്യാപിച്ച് പുതിയ സംരക്ഷണമേഖലയാക്കി മാറ്റാന്‍ മൂന്നാര്‍ ഡി.എഫ്.ഒ സര്‍ക്കാറിലേക്ക് കത്തെഴുതി

അടിമാലി റേഞ്ചിലെ വരയാട്ട് മുടിയില്‍ വനംവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ 50 വരയാടുകളെ കണ്ടെത്തി. മൂന്നാറില്‍ കാണപ്പെടുന്ന വരയാടുകളുടെ അതേ വംശത്തില്‍പ്പെടുന്നവയാണ് ഇവിടെയുള്ളത്. മൂന്നാറിലെ വരയാടുകള്‍ പൊതുജനങ്ങളുമായി അടുത്തിടപെടുമ്‌ബോള്‍, ഇവിടെയുള്ളവ മനുഷ്യരെ കണ്ടാല്‍ പാറക്കെട്ടുകളില്‍ മറയുന്നു.
വരയാട്ട് മുടി, മുത്തന്‍മുടി എന്നിവിടങ്ങളിലാണ് സെന്‍സസ് പുരോഗമിക്കുന്നത്. 16 വരയാടുകളെ കൂട്ടത്തോടെ കണ്ടെത്തുകയും വനംവകുപ്പ് ഇവയുടെ ചിത്രം എടുക്കുകയും ചെയ്തു. ഇടുക്കിയില്‍ മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലക്ക് ശേഷം വരയാടുകളെ കൂട്ടത്തോടെ കണ്ടെത്തിയതും ഇവിടെയാണ്.
ഒറ്റപ്പെട്ട നിലയില്‍ മേഖലയില്‍ പലയിടങ്ങളിലായി വരയാടുകളെ കണ്ടെത്തിയെത്തിയിരുന്നെങ്കിലും ഇത്രയും വരയാടുകള്‍ ഇവിടെ ഉള്ളതായി വിവരമില്ലായിരുന്നു. ആദിവാസികള്‍ 5 മുതല്‍ 10 വരയാടുകള്‍വരെ കൂട്ടമായി നടക്കുന്നത് കണ്ട വിവരം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, കൂട്ടമായി വനപാലകര്‍ കാണുന്നത് തന്നെ സെന്‍സസ് എടുക്കുന്നതിനിടെയാണെന്ന് അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് പറഞ്ഞു. അടിമാലി റേഞ്ചില്‍ മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഇവിടെ വനംവകുപ്പ് അതീവ സംരക്ഷണം നല്‍കി വരുന്നതായും അദ്ദേഹം പറഞ്ഞു.
മേഖലയില്‍ നൂറിന് മുകളില്‍ വരയാടുകള്‍ ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിമാലിയില്‍നിന്ന് ചിന്നപ്പാറ, ചൂരക്കട്ടന്‍ ആദിവാസി സങ്കേതങ്ങള്‍ വഴിയാണ് വരയാട്ട് മുടിയില്‍ എത്താവുന്ന എളുപ്പമാര്‍ഗ്ഗം. വാളറ കുതിരകുത്തി മലയിലൂടെ തേക്കടിച്ചാല്‍ വഴിയും വരയാട്ട് മുടിയില്‍ എത്താം.
അതിസുന്ദര പ്രകൃതിയുടെ മേഖലകൂടിയാണ് വരയാട്ട് മുടി. ഇവിടെ ടൂറിസം മേഖലയായി പ്രഖ്യാപിച്ച് പുതിയ സംരക്ഷണമേഖലയാക്കി മാറ്റാന്‍ മൂന്നാര്‍ ഡി.എഫ്.ഒ സര്‍ക്കാറിലേക്ക് കത്തെഴുതിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
വരയാടുകള്‍ക്ക് പുറമെ കാട്ടാന, മ്ലാവ്, കേഴ, കാട്ടുപോത്ത് മുതലായ വന്യമൃഗങ്ങളും ധാരാളമായുണ്ട്. കുതിരകുത്തി മലവരെ വരയാടുകള്‍ സഞ്ചരിച്ച് എത്താറുണ്ട്. വാളറ മേഖലയിലെ ഏറ്റവും കൂടുതല്‍ വിദൂരദൃശ്യമുളള പ്രദേശമാണ് കുതിരകുത്തി.
ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ എത്തുന്നവര്‍ അടിമാലിയിലെത്താതെ പോകാന്‍ ഇപ്പോള്‍ സാധിക്കില്ല. അടിമാലിയിലും വരയാടുകളുടെ സാമിപ്യമുള്ളത് വിനോദ സഞ്ചാരമേഖലക്ക് വലിയ പ്രതീക്ഷയാണ്. വരയാട്ട് മുടിയെ സംരക്ഷിക്കാന്‍ ഇവിടവും ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















