നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്... കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.. കടുപ്പിച്ച് കെകെ രമ

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തലവന്‍ എഡിജിപി എസ് ശ്രീജിത്തിനെ തദ്സ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദമായിരിക്കുകയാണ്.വടകര എംഎല്‍എ കെകെ രമയും സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുന്നു.കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലിരിക്കെ ഉദ്യോഗസ്ഥനെ മാറ്റിയതാണ് രമ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ നടപടി പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
ഹൈക്കോടതി അന്വേഷണത്തിന് അനുവദിച്ച സമയം അവസാനിക്കാന്‍ ഇനി ചുരുക്കം ദിവസങ്ങളേ ബാക്കിയുള്ളൂ. കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഗൗരവകരമായ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന കേസാണിത്. കേസ് അട്ടിമറിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ ഇടപെടല്‍ സഹായിക്കൂ. സ്ത്രീ പീഡന കേസുകളില്‍ സര്‍ക്കാരിന്റെ കാപട്യമാണ് ഇവിടെ വ്യക്തമാകുന്നതെന്നും രമ കുറ്റപ്പെടുത്തുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘതലവനെ അപ്രതീക്ഷിതമായി മാറ്റിയ സര്‍ക്കാര്‍ നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്. കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഈ കേസില്‍ പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം.
സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് അരങ്ങില്‍ അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക് അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്.
കെ.കെ.രമ
https://www.facebook.com/Malayalivartha

























