ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..

ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയ് (57) ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടക്കവേ, സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.
9,500 കോടി രൂപയുടെ ആസ്തിയുള്ള വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിൽ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഇന്നലെ വൈകുന്നേരം 3.15 ഓടെയായിരുന്നു ദാരുണ സംഭവം. ഭാര്യ ലിനിറോയ്, മക്കളായ രോഹിത്, റിയ എന്നിവർ ബംഗളൂരുവിലെ വസതിയിലായിരുന്നു.
റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുടെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട റെയ്ഡാണ് നടത്തിവന്നത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം 28നാണ് ആദ്യ റെയ്ഡ് നടത്തിയത്. ജനുവരി 22ന് വീണ്ടുമെത്തി റെയ്ഡ് തുടരുകയും ഓഫീസ് മുറി മുദ്രവയ്ക്കുകയും ചെയ്തു.
മൂന്നുദിവസം മുമ്പ് വീണ്ടും എത്തി രേഖകൾ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് കടന്നു. ഇതിനിടെ നിരവധി തവണ റോയ് ചോദ്യം ചെയ്യലിന് വിധേയനായി. ഇന്നലെ വൈകുന്നേരം പരിശോധന അവസാനിക്കുമ്പോൾ കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു എന്നാണ് സൂചനകൾ.
മുദ്രവച്ച ലോക്കറിന്റെ താക്കോൽ എടുക്കാൻ സ്വന്തം ചേംബറിലേക്ക് പോയ റോയ്, തോക്ക് നെഞ്ചോട് ചേർത്ത് നിറയൊഴിക്കുകയായിരുന്നു. ശബ്ദം കേട്ട് ജീവനക്കാർ ഓടി വന്നപ്പോഴേക്കും രക്തത്തിൽ കുളിച്ച് ജീവനറ്റ നിലയിലായിരുന്നു. പൊലീസ് സഹായത്തോടെ സമീപത്തുള്ള നാരായണ ഹൃദയാലയ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടക്കുമ്പോഴും ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന തുടരുകയായിരുന്നു. മരണം നടന്നയുടനെ അവർ രണ്ട് ഇന്നോവ കാറുകളിൽ രേഖകളെല്ലാം എടുത്ത് സ്ഥലം വിട്ടു. മരണത്തിന് പിന്നാലെ ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തിന്റെ നിയന്ത്രണമേറ്റെടുത്തു. സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ, സാമൂഹ്യമാദ്ധ്യമങ്ങൾ എന്നിവ പരിശോധിച്ചുവരുന്നു.
ബന്ധുക്കൾ, ബിസിനസ് പങ്കാളികൾ, കുടുംബാംഗങ്ങൾ എന്നിവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് . പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയിട്ടില്ലെന്നും വാക്കുതർക്കമുണ്ടായില്ലെന്നും ആദായനികുതി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. റെയ്ഡിന്റെ പേരിൽ മാനസിക സംഘർഷത്തിലായിരുന്നു അദ്ദേഹമെന്നാണ് ജീവനക്കാർ അശോക് നഗർ പൊലീസിന് നൽകിയ മൊഴി. രാവിലെ മുതൽ അദ്ദേഹത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
അതേസമയം ഇന്ന് ബെംഗളൂരുവിൽ വെച്ച് സംസ്കാരം നടക്കും. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് മടങ്ങിയെത്തി. ബൗറിംഗ് ഹോസ്പിറ്റലിൽ വെച്ചായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























