ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനനഗരം

ഇന്ത്യൻ കുപ്പായമിട്ട് സ്വന്തം നാട്ടിൽ ആദ്യ അന്താരാഷ്ട്രമത്സരം കളിക്കാൻ സഞ്ജു സാംസൺ ഇറങ്ങുമെന്ന് പ്രതീക്ഷ. സഞ്ജുവിനായി ആരവം മുഴക്കാൻ നിറയുന്ന കാര്യവട്ടം ഗ്രീൻഫീൽഡിലെ ഗാലറി. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിലാഴ്ന്നുകഴിഞ്ഞു തലസ്ഥാന നഗരം
കഴിഞ്ഞദിവസം നഗരത്തിലെത്തിയ ടീമുകൾ ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ഇന്ത്യൻ താരങ്ങൾ ശ്രീ പത്മനാഭസ്വാമി ദർശനം നടത്തി. ഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്.
സ്വന്തം തട്ടകത്തിലിറങ്ങുന്ന സഞ്ജുവിലാണ് കണ്ണുകളെല്ലാം. അടുത്തമാസം തുടങ്ങുന്ന ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാനായി അവസാന അവസരമാണ് സഞ്ജുവിനിത്. പരമ്പര നാലുകളികളിലും കളിച്ച സഞ്ജു കഴിഞ്ഞ കളിയിൽ 15 പന്തുകളിൽ നേടിയ 24 റൺസാണ് ടോപ്സ്കോർ. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് സിക്സും ഫോറുകളും പറക്കട്ടേയെന്ന മലയാളി പ്രാർത്ഥനകൾ ഫലിച്ചാൽ കാര്യവട്ടം ആവേശക്കടലാകും.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഇന്ത്യൻ ടീം പരിശീലനത്തിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയത്. സഞ്ജുസാംസൺ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ,ശ്രേയസ് അയ്യർ, അർഷ്ദീപ് സിംഗ് തുടങ്ങിയവരാണ് പ്രധാനമായും പ്രാക്ടീസ് സെഷനിൽ പങ്കെടുത്തത്.
കഴിഞ്ഞ മത്സരത്തിൽ സ്പിന്നർ മിച്ചൽ സാന്റ്നറുടെ പന്തിൽ ബൗൾഡായ സഞ്ജു ഇന്നലെ അക്ഷർ പട്ടേലിനെയും ആംത്രോയറെയും 20 മിനിട്ടിലേറെ നേരം നേരിട്ടു. ഇഷാൻ അക്ഷറിനെയും പേസറായ അർഷ്ദീപിനെയും നേരിട്ടു. തുടർന്ന് ശ്രേയസ് അയ്യർ ബാറ്റിംഗ് പരിശീലനത്തിനെത്തി.
ഇഷാൻ പിന്നീട് മറ്റൊരു പരിശീലന പിച്ചിൽ സ്പിന്നർമാരായ രവി ബിഷ്ണോയ്‌യേയും വരുൺ ചക്രവർത്തിയേയും നേരിട്ടു. ജസ്പ്രീത് ബുംറയും കുറച്ചുനേരം ബാറ്റിംഗ് പ്രാക്ടീസ് നടത്തിയിരുന്നു. പിന്നീട് ഇഷാൻ കിഷൻ വിക്കറ്റ് കീപ്പിംഗ് പ്രാക്ടീസും സഞ്ജു ഫീൽഡിംഗ് പ്രാക്ടീസും നടത്തി.
അതേസമയം നേരത്തേ ന്യൂസിലാൻഡ് ടീം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ക്യാപ്ടൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലെത്തിയ അവർ നാലരയോടെയാണ് തിരികെ പോയത്. നഗരത്തിലെ ഹയാത്ത് റീജൻസിയിലാണ് കിവീസ് ടീമിന്റെ താമസം. ഇന്ത്യൻ ടീം കോവളം ലീല റാവിസിലുമാണ് തങ്ങുന്നത്.
"
https://www.facebook.com/Malayalivartha

























