മൂന്നേകാൽ കോടി മുടക്കി തോട്ടിലെറിയാൻ കല്ലിടുന്നു! പരസ്യത്തിന് മാത്രം അരക്കോടി... കുറ്റികൾ പിഴുതെറിയുന്നതിനിടെ കണക്കുകൾ പുറത്ത്

സിൽവർ ലൈൻ പദ്ധതി അതിർത്തിക്കല്ലിടലിന് ചെലവാക്കിയത് എൺപത്തിരണ്ട് ലക്ഷത്തോളം രൂപ. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ പ്രദേശത്തും കല്ല് എത്തിച്ച് സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരി വരെ 81.60 ലക്ഷം രൂപയാണ് കെ റെയിൽ ചെലവാക്കിയത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് കെ റെയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
കെ റെയിലിനെതിരായ സമരം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെ കെറെയിലിനായി ഇതുവരെ ചിലവാക്കിയ തുകകളുടെ കണക്കുകൾ പുറത്ത്. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരുടെ ചെലവും ഓരോ സ്ഥലത്തും കല്ല് എത്തിക്കാനും സ്ഥാപിക്കാനും ചെലവായ തുക ഉൾപ്പടെയാണ് 81.60 ലക്ഷം രൂപയായത്.
വിവിധ സർവ്വേകൾക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി. അലൈൻമെന്റ് തയ്യാറാക്കാനുള്ള ലിഡാർ ആകാശ സർവേ - 2.08 കോടി രൂപ,അതിർത്തിക്കല്ലിടൽ - 81.60 ലക്ഷം രൂപ, ട്രാഫിക്- ട്രാൻസ്‌പോർട്ടേഷൻ 23.75 ലക്ഷം രൂപ, ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേ 8.75 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവ്.
ഡി പി ആർ തയാറാക്കാൻ മാത്രം 22 കോടി രൂപ ചെലവു വന്നു. എന്നാൽ ഈ ഡി പി ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കെറെയിലിന്റെ പ്രചാരണങ്ങൾക്കായി 59.47 ലക്ഷം രൂപയും കെ റെയിലിനെതിരെ ഹൈക്കോടതിയിൽ എത്തിയ കേസുകൾ വാദിക്കാൻ 6.11 ലക്ഷം രൂപയും ചെലവായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദന് കെ റെയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കെറെയിലിനെതിരെ സംസഥാന വ്യാപകമായി എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ വിദഗ്ധരുടെ ചർച്ച സംഘടിപ്പിക്കാനൊരുങ്ങുകയാണ് കെറെയിൽ. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് ചർച്ച സംഘടിപ്പിക്കുന്നത്. ഏപ്രിൽ 28 ന് മസ്‌കറ്റ് ഹോട്ടലിലാണ് ചർച്ച നടക്കുക.
പദ്ധതിയെ എതിർക്കുന്ന 3 പേരും അനുകൂലിക്കുന്ന 3 പേരും ചർച്ചയിൽ സംസാരിക്കും. പദ്ധതിയെ എതിർക്കുന്ന, കെറെയിൽ ഡിപിആർ തയാറാക്കുന്നതിനു രൂപീകരിച്ച സമിതിയിൽ ഉണ്ടായിരുന്ന റിട്ട. ചീഫ് ബ്രിഡ്ജ് എൻജിനീയർ അലോക് വർമ, ആർവിജി മേനോൻ, ജോസഫ് മാത്യു എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha

























