ആഞ്ഞടിച്ച് ഹൈക്കോടതി... ആഴ്ചകളായിട്ടും വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല; ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ നീക്കം; അതിജീവിതര്‍ക്കെതിരെ സൈബര്‍ ആക്രമണത്തിന് പ്രത്യേക സംഘങ്ങളെന്ന് ഹൈക്കോടതി

വിജയ് ബാബുവിനെതിരായ പരാതി ലഭിച്ചിട്ട് ആഴ്ചകളായെങ്കിലും എവിടെയുണ്ടെന്ന് കണ്ടുപിടിക്കാനോ ചോദ്യം ചെയ്യാനോ പോലീസിന് കഴിഞ്ഞില്ല. ഇതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാനാണ് നീക്കം.
അതിനിടെ ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ടെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരാതിപ്പെടുമ്പോള്‍ എന്തു കൊണ്ടാണു വൈകിയതെന്ന ചോദ്യം സൈബര്‍ ഇടങ്ങളില്‍ ഉന്നയിക്കപ്പെടുന്നു. സ്വകാര്യതയ്ക്കു നേരെയുള്ള ആക്രമണമാണിത്. പീഡനക്കേസുകളുടെ അന്വേഷണ ഘട്ടത്തിലാണ് അതിജീവിതര്‍ ഏറെ വെല്ലുവിളി നേരിടുന്നത്. ചിലപ്പോള്‍ പൊലീസുകാര്‍ തന്നെ ഒത്തുതീര്‍പ്പിനു പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ട്.
അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ അതിജീവിക്കുന്നവര്‍ സ്‌റ്റേഷനില്‍ എത്താതെ പരാതി നല്‍കാന്‍ കഴിയുന്ന സംവിധാനം വേണമെന്നു പറയുന്നത്. ഇതിനായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് കോടതിയിലേക്കും ഒട്ടേറെ കത്തുകള്‍ വരുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്നു ഭീഷണി നേരിടുന്നതായി ഒരു അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ പരാമര്‍ശം.
അതേസമയം ദുബായില്‍ ഒളിവില്‍ കഴിയുന്ന പീഡനക്കേസ് പ്രതി വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. ഇന്‍ര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി വിജയ് ബാബുവിന്റെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു.
ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താന്‍ അവിടത്തെ പോലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കില്‍ വിദേശത്തുവെച്ച് അവിടത്തെ പോലീസിന് അറസ്റ്റ് ചെയ്യാനും കഴിയും. അതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതെന്നാണ് വിവരം.
കണക്കില്‍പ്പെടാത്ത പണം സിനിമാനിര്‍മാണ മേഖലയില്‍ മുടക്കിയതായാണ് വിവരം. തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പോലീസ് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ 19ന് ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി. അതേസമയം, വിജയ് ബാബുവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ല. ഇവരുടെ ആരോപണം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനുമായി പോലീസ് ആശയവിനിമയം നടത്തിയിരുന്നു.
പോലീസില്‍ പരാതി നല്‍കണമെന്ന് ഇവര്‍വഴി യുവതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ പിന്നീട് ബന്ധപ്പെട്ടില്ലെന്നും കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ലെന്നുമാണ് പോലീസ് പറയുന്നത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അതില്‍ 30 പേരുടെ മൊഴി നിര്‍ണായകമാണെന്ന് പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha






















