കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ നിയമിക്കപ്പെടാന്‍ ഇതര സംസ്ഥാനങ്ങളിലെ മുസ്ലിങ്ങള്‍ അര്‍ഹരല്ലെന്ന് സുപ്രീം കോടതി

കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കേരളീയനല്ലാത്ത ഒരാള്‍ക്ക് സമുദായ സംവരണത്തിനുള്ള അവകാശവാദം നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവ് വെള്ളിയാഴ്ച സുപ്രീം കോടതി ശരിവച്ചു.
സ്വന്തം സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധിയാണ് ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ശരി വച്ചത്. .ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളനുസരിച്ചാണ് സംവരണം നിശ്ചയിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
കര്‍ണാടക സ്വദേശി ബി മുഹമ്മദ് ഇസ്മയിലിനെ മുസ്ലീം വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് തിരഞ്ഞെടുത്തത് അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. മുഹമ്മദ് ഇസ്മയിലിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇതിനെതിരെ കണ്ണൂര്‍ സര്‍വ്വകലാശാലയും മുഹമ്മദ് ഇസ്മയിലും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാക്ക വിഭാഗക്കാരുടെ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരനാണ് ബി.മുഹമ്മദ് ഇസ്മയില്‍.
രണ്ടാം റാങ്കുകാരന്‍ മലപ്പുറം സ്വദേശി അബ്ദുള്‍ ഹലീമിന്റെ ഹര്‍ജിക്കാരന്‍. ഒരു സംസ്ഥാനത്ത് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മറ്റൊരു സംസ്ഥാനത്ത് ആനുകൂല്യങ്ങള്‍ അവകാശപ്പെടാനാകില്ലെന്ന് അബ്ദുള്‍ ഹലീമിന്റെ അഭിഭാഷകര്‍ വാദിച്ചു.ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സര്‍വ്വകലാശാലയിലെ തസ്തികകളിലേക്ക് മലയാളികളല്ലാത്തവര്‍ക്ക് അപേക്ഷിക്കുന്നതിന് തടസ്സമില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
മുസ്ലിം വിഭാഗം കര്‍ണ്ണാടകത്തിലും കേരളത്തിലും പിന്നാക്ക വിഭാഗമാണെന്ന് വിജ്ഞാപനം ചെയ്തതാണെന്നും അതിനാല്‍ കര്‍ണ്ണാടക സ്വദേശിയായ മുഹമ്മദ് ഇസ്മയിലിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത തസ്തികയിലേക്ക് നിയമനം നല്‍കുന്നതില്‍ തെറ്റില്ലെന്നുമാണ് സര്‍വ്വകലാശാല കോടതിയില്‍ വാദിച്ചത്.
"
https://www.facebook.com/Malayalivartha