അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കേസ് ഇനി വിചാരണ നടത്തുന്നത് പുതിയ ജഡ്ജി; കേസ് പരിഗണിക്കുന്നത് 21ലേക്ക് മാറ്റി, മധു വധക്കേസും അതുമായി ബന്ധപ്പെട്ടു വനം വകുപ്പ് എടുത്ത കേസും ഒന്നിച്ചു വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നു പ്രോസിക്യൂഷൻ

കേരളത്തെ ഞെട്ടിച്ച അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസ് ഇനി വിചാരണ നടത്തുന്നത് പുതിയ ജഡ്ജി ആയിരിക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ജഡ്ജി കെ.എസ്.മധു സ്ഥലം മാറിപ്പോകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ തീരുമാനം വന്നത്. കൂടാതെ കേസ് പരിഗണിക്കുന്നത് 21ലേക്ക് മാറ്റിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ മധു വധക്കേസും അതുമായി ബന്ധപ്പെട്ടു വനം വകുപ്പ് എടുത്ത കേസും ഒന്നിച്ചു വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെടുകയുണ്ടായി. മധു കൊല്ലപ്പെട്ട കേസിന്റെ വിസ്താരത്തിനിടെയാണു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതായത് പ്രതികൾ വനത്തിൽ അതിക്രമിച്ചു കയറിയാണു മധുവിനെ പിടിച്ചുകൊണ്ടുവന്നതെന്നും കുറ്റകൃത്യം ആരംഭിക്കുന്നതു വനത്തിൽ വച്ചാണെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ കോടതിയെ അറിയിക്കുകയുണ്ടായി. രണ്ടു കേസുകളും നിലവിൽ ഒന്നിച്ചാണു പരിഗണിക്കുന്നത്. എന്നാൽ ഫോറസ്റ്റ് ആക്ട് പരിഗണിക്കുന്നതിന് എസ്സി എസ്ടി പ്രത്യേക കോടതിക്കു പരിമിതിയുണ്ടെന്ന നിയമപ്രശ്‌നം ഉയരുമെന്ന ആശങ്ക പ്രോസിക്യൂട്ടർ കോടതിയെ അറിയിക്കുകയുണ്ടായി. ഇക്കാര്യത്തിൽ കോടതി തന്നെ വ്യക്തത വരുത്തണമെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ ആവശ്യപ്പെടുകയും ചെയ്തു.
ഇതുകൂടാതെ മധു കൊല്ലപ്പെട്ട കേസിലെ ഒൻപതാം സാക്ഷി സി.പി.രങ്കനെയും കോടതി വിസ്തരിച്ചില്ല. ഒന്നാം സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചതിൽ കൂടുതൽ കാര്യങ്ങൾ അറിയാനില്ലാത്തതിനാലാണു വിസ്താരം ഒഴിവാക്കിയത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ മധുവിന്റെ ഇൻക്വസ്റ്റിനു സാക്ഷികളായ ഒൻപതു പേരുടെയും വിസ്താരം പൂർത്തിയായിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്തിയ സബ് കലക്ടർ ഉൾപ്പെടെയുള്ളവരുടെയും ദൃക്‌സാക്ഷികളുടെയും വിസ്താരം തുടർന്നുണ്ടാകുന്നതാണ്.
https://www.facebook.com/Malayalivartha