കനത്ത മഴയില്‍ വ്യാപകനാശം... മരം കടപുഴകി വീണു, അഞ്ചോളം വീടുകള്‍ തകര്‍ന്നു, ഒട്ടേറെ സ്ഥലങ്ങളില്‍ കൃഷിനാശം, ആശങ്കയോടെ ജനങ്ങള്‍
കനത്ത മഴയില്‍ വ്യാപകനാശം... മരം കടപുഴകി വീണു, അഞ്ചോളം വീടുകള്‍ തകര്‍ന്നു, ഒട്ടേറെ സ്ഥലങ്ങളില്‍ കൃഷിനാശം. മൈനാഗപ്പള്ളിയില്‍ മൂന്നും പോരുവഴിയില്‍ രണ്ടും ഉള്‍പ്പെടെ 5 വീടുകള്‍ തകര്‍ന്നു. ഒട്ടേറെ സ്ഥലങ്ങളില്‍ കൃഷിനാശവുമുണ്ടായി.
മൈനാഗപ്പള്ളി കിഴക്കേകര കിഴക്കേകോട്ടയില്‍ ബിനു, തോട്ടുമുഖം വൃന്ദാവനം ശാന്തമ്മ, കടപ്പാ കുറ്റിയില്‍ തെക്കേപ്പുരയില്‍ നാസറുദ്ദീന്‍, പോരുവഴി പള്ളിമുറി മുംതാസ് മന്‍സില്‍ ബീജ, കമ്പലടി കിണറുവിളയില്‍ റജുല എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മരം കടപുഴകി വീണതാണു ഭൂരിഭാഗം വീടുകളും തകരുന്നതിനു കാരണമായത്.
കമ്പലടിയില്‍ രാവിലെ 9.30നു സംഭവസമയത്ത് വീടിന്റെ അടുക്കളയിലുണ്ടായിരുന്ന റജുല, മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന ചെറുമകന് ഫവാസ് എന്നിവര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഒട്ടേറെ പഞ്ചായത്തുകളില്‍ ഏലാകള്‍ ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങളില്‍ വ്യാപകനാശനഷ്ടമുണ്ടായി.
അതേസമയം കരുനാഗപള്ളിയില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. തൊടിയൂര്‍ 6ാം വാര്‍ഡ് ഷാജി മന്‍സിലില്‍ ഷാജിയുടെ വീടിനു മുകളില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ പല ഗ്രാമീണ റോഡുകളും വെള്ളക്കെട്ടിലാണ്.
പലഭാഗത്തും വെള്ളം ഒഴുകി പോയിക്കൊണ്ടിരുന്ന നീരൊഴുക്കു ഭാഗങ്ങള്‍ നികത്തിയും ഓടകള്‍ തെളിക്കാതെയും ഇട്ടിരിക്കുന്നതു മൂലം വെള്ളം അവിടവിടെ കെട്ടി കിടക്കുന്നു. മഴ കുടുതല്‍ ശക്തമായാല്‍ പ്രദേശത്തെ കുടുതല്‍ ഭാഗങ്ങള്‍ വെള്ളക്കെട്ടിലായേക്കും.
https://www.facebook.com/Malayalivartha