മറക്കില്ല ആ ഗാനങ്ങള്‍... ഇടവ ബഷീറിന് പിന്നാലെ പ്രശസ്ത ബോളിവുഡ് പിന്നണി ഗായകന്‍ കെകെ കുഴഞ്ഞുവീണ് മരിച്ചു; കൊല്‍ക്കത്തയില്‍ സംഗീത പരിപാടിയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ കെകെയെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പാട്ട് പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ച ഇടവ ബഷീര്‍ മലയാളികള്‍ക്ക് തീരാ വേദനയാണ് സമ്മാനിച്ചത്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് പിന്നണി ഗായകന്‍ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തും(53) കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ സംഗീത പരിപാടിയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
വല്ലൊത്തൊരു വേദനയാണ് ആരാധകര്‍ക്ക് കെകെ സമ്മാനിച്ചത്. അവസാന പരിപാടിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ 10 മണിക്കൂര്‍ മുന്‍പ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കാല്‍നൂറ്റാണ്ടോളമായി പിന്നണി ഗായകനിരയില്‍ സജീവമായിരുന്നു കെ.കെ. ഡല്‍ഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.
ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ആല്‍ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.
കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്. മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണു ജനനം.
എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോണ്‍ട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാല്‍ കോളജിലും പഠിക്കുമ്പോള്‍ ഹൃദിസ്ഥമാക്കിയതു കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങള്‍. സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകള്‍ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി.
ആ അനുഭവത്തിന്റെ ബലത്തിലാണ് കെകെ മുംബൈയിലെത്തിയത്. 3500ല്‍ അധികം ജിംഗിളുകള്‍ (പരസ്യചിത്ര ഗാനങ്ങള്‍). ടെലിവിഷന്‍ സീരിയലുകള്‍ക്കായും പാടിയിട്ടുള്ള കെകെയുടെ ശബ്ദം എല്ലാ പ്രേക്ഷകര്‍ക്കും പരിചിതം. മാച്ചിസ് എന്ന ഗുല്‍സാര്‍ ചിത്രത്തിലെ 'ഛോടായേ ഹം വോ ഗലിയാം....' എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു. ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിലെ 'തടപ് തടപ്' എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാര്‍ ബീറ്റ്‌സ്), ആവാര പന്‍ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോര്‍ ഡിസ്‌കോ (കല്‍ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലര്‍ ചാര്‍ട്ടുകളുടെ മുന്‍നിരയിലെത്തിച്ചു.
എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ മിന്‍സാരക്കനവില്‍ പാടിയാണു ദക്ഷിണേന്ത്യന്‍ സിനിമയിലേക്കു പ്രവേശിച്ചത്. വൈകാതെ തമിഴിലും തെലുങ്കിലും സ്ഥിരം ഗായകനായി. മലയാളത്തില്‍ പാടാന്‍ പിന്നെയും വൈകി. ആയുധം എന്ന സിനിമയില്‍ പാടിയെങ്കിലും യേശുദാസിന്റെ സ്ഫടികസമമായ സ്വരം കേട്ടു ശീലിച്ച മലയാളികള്‍ തന്റെ ഉച്ചാരണശുദ്ധിയില്ലായ്മ സ്വീകരിക്കുമോ എന്നു സംശയിച്ചു. മലയാളത്തില്‍ പുതിയ മുഖത്തിലെ 'രഹസ്യമായ്' ഹിറ്റ് ഗാനമാണ്.
1999ല്‍ പുറത്തിറങ്ങിയ 'പല്‍' എന്ന ആല്‍ബം കെകെയെ ഇന്‍ഡിപോപ്പ് ചാര്‍ട്ടുകളില്‍ മുകളിലെത്തിച്ചു. രണ്ടാമത്തെ ആല്‍ബം ഹംസഫറും വന്‍ തോതില്‍ ആരാധകരെ നേടി. പിന്നാലെ സ്‌റ്റേജ് ഷോകളുമായി രാജ്യമാകെ തരംഗം തീര്‍ത്തു.
ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്. മകന്‍ നകുല്‍ കെകെയുടെ ആല്‍ബമായ ഹംസഫറില്‍ പാടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























