ബാര്‍ കൗണ്‍സിലിനു മറുപടി... ദിലീപിന്റെ അഭിഭാഷകര്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍ അഡ്വ. രാമന്‍പിള്ള മറുപടി നല്‍കി; രാമന്‍പിള്ളയുടെ മറുപടിയുടെ പകര്‍പ്പ് നടിക്കു നല്‍കി ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടും

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ആക്രമണത്തിനിരയായ നടി ബാര്‍ കൗണ്‍സിലിനു നല്‍കിയ പരാതിയില്‍ മറുപടി നല്‍കി സീനിയര്‍ അഡ്വക്കറ്റ് ബി. രാമന്‍പിള്ള. അഭിഭാഷക നിയമത്തിനു വിരുദ്ധമായി താന്‍ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കി നടന്‍ ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ബി. രാമന്‍പിള്ള കേരള ബാര്‍ കൗണ്‍സിലിനു മറുപടി നല്‍കി.
നടിയുടെ പരാതിയെ തുടര്‍ന്ന് പരാതിയുടെ പകര്‍പ്പ് ആരോപണവിധേയരായ അഭിഭാഷകര്‍ക്കു നല്‍കിയാണ് കേരള ബാര്‍ കൗണ്‍സില്‍ മറുപടി തേടിയിരുന്നത്. തുടര്‍ന്നാണ് ബി. രാമന്‍പിള്ള മറുപടി നല്‍കിയത്. അഡ്വ. രാമന്‍പിള്ളയുടെ മറുപടിയുടെ പകര്‍പ്പ് ബാര്‍ കൗണ്‍സില്‍ നടിക്കു നല്‍കി വിശദീകരണം തേടും.
അതേസമയം നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഹര്‍ജി മാറ്റിയത്.
അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30 ന് അവസാനിച്ചിരുന്നു. എന്നാല്‍ ഫോണുകളില്‍നിന്നും മറ്റും ലഭിച്ച ഡേറ്റയുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ശേഖരിച്ച തെളിവുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണു കൂടുതല്‍ സമയം ചോദിച്ചു ഹൈക്കോടതിയെ സമീപിച്ചത്.
ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങള്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുമായി ഒത്തുനോക്കണമെന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു.
ദൃശ്യങ്ങള്‍ പ്രതിഭാഗം ചോര്‍ത്തിയെടുത്തെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് അതു പരിശോധിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. പീഡന ദൃശ്യങ്ങള്‍ നേരില്‍ കണ്ട് അതിലെ സംഭാഷണങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളും എഴുതിയെടുത്തതു പോലുള്ള 4 പേജുകളുടെ ഫോട്ടോയാണ് അനൂപിന്റെ ഫോണിന്റെ പരിശോധനയില്‍ വീണ്ടെടുത്തത്. ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കണ്ടാല്‍ മാത്രമേ ഇത്തരത്തില്‍ പകര്‍ത്തിയെഴുതാന്‍ കഴിയുകയുള്ളൂവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നു ധ്വനിപ്പിക്കുന്ന സംഭാഷണം അടങ്ങിയ ശബ്ദരേഖയും പ്രോസിക്യൂഷന്‍ കോടതിയില്‍ കേള്‍പ്പിച്ചു. ഇതില്‍ കോടതിയുടെ പേരുപറയുന്നില്ലല്ലോയെന്നു കോടതി ചോദിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ തുടര്‍ന്നു വിചാരണക്കോടതി സ്വാധീനിക്കപ്പെട്ടുവെന്നു വിശ്വസിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
പ്രതിയായ നടന്‍ ദിലീപ് അതിനും ശ്രമം നടത്തിയെന്നതിനുള്ള തെളിവായാണു ശബ്ദരേഖ കേള്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്നലെ പൂര്‍ത്തിയായി.
അതിനിടെ അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്നു നടന്‍ സിദ്ദിഖിന്റെ ചോദ്യം വിവാദമായി. മറുപടി പറഞ്ഞ് അത്രയ്ക്കു തരം താഴാനില്ലെന്നു നടി റിമ കല്ലിങ്കല്‍ തുടങ്ങി പലരും രംഗത്തെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























