മേയ് 3നു രാത്രി എട്ടരയോടെ സൈലന്റ്‌വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നു ഭക്ഷണം കഴിച്ചു; സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാൻ പോയി; പിന്നീട് കാണാതായി; സൈരന്ധ്രി വനത്തിൽ കാണാതായ വാച്ചർ രാജനെ കണ്ടെത്താനാകാതെ പോലീസ്; കല്യാണക്കുറി അച്ചടിക്കാൻ കൊടുത്തിട്ടു വീട്ടിൽ നിന്നു പോയ അച്ഛൻ എവിടെപ്പോയെന്ന് അറിയാതെ വിഷമിച്ച് മകൾ; അന്വേഷണത്തിൽ കണ്ടെത്തിയത് ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും

സൈരന്ധ്രി വനത്തിൽ കാണാതായ വാച്ചർ പുളിക്കാഞ്ചേരി രാജനെ ഇത് വരെയും കണ്ടെത്താനാകാത്ത വിഷമത്തിൽ അലയുകയാണ് കുടുംബം. മേയ് 3നു രാത്രി എട്ടരയോടെയാണ് സൈലന്റ്‌വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നു ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാൻ രാജൻ പോയത്. പിന്നെ രാജനെ കാണാതാവുകയായിരുന്നു. ജൂൺ 11ആം തീയതി രാജന്റെ മകളുടെ വിവാഹമാണ്.
മുക്കാലിയിലെ പുളിക്കാഞ്ചേരിയിലുള്ള കല്യാണ വീട്ടിൽ കല്യാണത്തിന്റെതായ യാതൊരു തയ്യാറെടുപ്പുകളും ഇല്ല. ഇളയ മകൾ രേഖ രാജിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. കല്യാണക്കുറി അച്ചടിക്കാൻ കൊടുത്തിട്ടു വീട്ടിൽ നിന്നു പോയ അച്ഛൻ എവിടെപ്പോയെന്ന് അറിയാതെ വിഷമിക്കുകയാണ് മകൾ. നാടു പോലെ കാടും അച്ഛനു നന്നായി അറിയാവുന്നതാണ്. അച്ഛൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നെങ്കിലും അറിയാനാകാത്ത അവസ്ഥയിലാണ് മകളുള്ളത്.
ബന്ധുക്കളെപ്പോലും വിവാഹത്തിന് ഇത് വരെ ക്ഷണിച്ചിട്ടില്ല. 20നു വരുമെന്നു പറഞ്ഞായിരുന്നു അദ്ദേഹം വീട്ടിൽ നിന്നും പോയത്. '' മകളുടെ വിവാഹമായിട്ടു പോലും അവന് അവധിയില്ലേ? എന്നാണ് രാജന്റെ മാതാവ് ലക്ഷ്മി ചോദിക്കുന്നത്. മകനെ കാണാതായ വിവരം അമ്മയെ കുടുംബം ഇത് വരെ അറിയിച്ചിട്ടില്ല.
പൊലീസിന്റെ തണ്ടർബോൾട്ട്, വനം വകുപ്പിന്റെ ദ്രുതകർമസേന, വാച്ചർമാർ തുടങ്ങിയവർ തിരച്ചിൽ നടത്തി. രാജന്റെ ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും കണ്ടെത്തി. രാജന് കടമില്ല. പൊന്നും പണവും ഒന്നും അവർ വരന്റെ വീട്ടുക്കാർ ചോദിച്ചിട്ടില്ല. നാടു വിടേണ്ട യാതൊരു ആവശ്യവും അദ്ദേഹത്തിനില്ല . എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് എവിടെയെന്നാണ് മകൾ ചോദിക്കുന്നത്. വിവാഹത്തിനു കൈപിടിച്ചു കൊടുക്കുന്ന സമയമാകുമ്പോഴെങ്കിലും രാജൻ വരണേ എന്ന പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ് കുടുംബം. അദ്ദേഹത്തെ യാതൊരു ആപത്തും കൂടാതെ കണ്ടെത്താനുള്ള തീവ്ര ശ്രമം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























