80 വർഷമായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്‌കൂളിലേക്ക് ചരിത്രം തിരുത്തിയെഴുതി ലക്ഷ്മി കൃഷ്ണ; യുപിയിലെ ആദ്യ വിദ്യാർഥിനിയെ മധുരവുമായി വരവേറ്റ് ജനപ്രതിനിധികളും നാട്ടുകാരും

ലക്ഷ്മി കൃഷ്ണ എന്ന പെൺകുട്ടി ഇന്ന് അഞ്ചാം ക്ലാസിലെത്തുകയാണ്. പുതിയൊരു ചരിത്രത്തിന് വഴി മാറി കൊണ്ടാണ് ലക്ഷ്മി അഞ്ചാം ക്ലാസിലെത്തുന്നത്. 80 വർഷമായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്‌കൂളാണ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി. അവിടെ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. അതിനു ശേഷം ആദ്യം പ്രവേശനം നേടിയ പെൺകുട്ടിയായിട്ടാണ് ലക്ഷ്മി അങ്ങോട്ടേക്ക് പോകുന്നത് . യുപിയിൽ ആദ്യ വിദ്യാർഥിനിയെ ജനപ്രതിനിധികളും നാട്ടുകാരും മധുരവുമായി വരവേറ്റു.
ഹയർ സെക്കൻഡറി, എൽപി വിഭാഗങ്ങളിൽ നേരത്തെ തന്നെ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. 130 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൂളാണ്. സ്വാതന്ത്ര്യലബ്ധിക്കു മുന്നേ ആൺകുട്ടികൾക്കു മാത്രമായി ഇത് പരിമിതപ്പെടുത്തുകയായിരുന്നു. പനമ്പിള്ളി ഗോവിന്ദ മേനോൻ, വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട്, കലാഭവൻ മണി, മുൻ രാജ്യാന്തര ഫുട്ബോൾ താരം കെ.വി. രാമകൃഷ്ണൻ തുടങ്ങിയവർ ഈ സ്കൂളിലാണ് പഠിച്ചത്. കവി ജി. ശങ്കരക്കുറുപ്പ് ഇവിടെ അധ്യാപകനായിരുന്നു
പക്ഷേ യുപിയിലും ഹൈസ്കൂളിലും അനുവാദം വൈകുകയായിരുന്നു. ലക്ഷ്മിക്കു പിന്നാലെ ചാലക്കുടി തലപ്പിള്ളി ശിവദാസന്റെയും സബിതയുടെയും മകൾ ടി.എസ്. ശിവാനന്ദന ഹൈസ്കൂളിലേക്കും പ്രവേശനം നേടി . കൂടപ്പുഴ വെണ്ണൂക്കാരൻ ഗിരീഷിന്റെയും ഗവ. എൽപി സ്കൂൾ അധ്യാപിക മീരാലക്ഷ്മിയുടെയും മകളാണു ലക്ഷ്മി കൃഷ്ണ.
https://www.facebook.com/Malayalivartha























