വര്‍ഷങ്ങളായി പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉയര്‍ത്തുന്ന ഏതെങ്കിലും വിഷയത്തെ താങ്കള്‍ ധീരമായി അഭിമുഖീകരിച്ചിട്ടുണ്ടോ? താങ്കള്‍ പഠിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കുറവുകള്‍ നേരിട്ട് അനുഭവമുള്ളതു കൊണ്ടായിരിക്കുമല്ലോ സ്വന്തം മക്കളെ പൊതു വിദ്യാലയത്തെ ഉപേക്ഷിച്ച് സ്വകാര്യ സ്‌കൂളിനെ ആശ്രയിച്ചത്; ഇങ്ങനെ കാതലായ വിഷയങ്ങളെ അവഗണിച്ചും നിലനിര്‍ത്തിയും കൊണ്ട് താങ്കള്‍ എന്തു ഭാവിയാണ് നമ്മുടെ പാവം വിദ്യാര്‍ഥികളില്‍ സ്വപ്‌നം കാണുന്നത് വിദ്യാഭ്യാസ മന്ത്രി ?

പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി....! താങ്കള്‍ പുതിയ അധ്യയന വര്‍ഷത്തേയും കുട്ടികളേയും സ്വാഗതം ചെയ്തു കൊണ്ട് ഒരു മാധ്യമത്തിലെഴുതിയ ലേഖനം കണ്ടു... നല്ലത്. ആവേശകരമെന്ന് പറയാന്‍ കഴിയില്ലെങ്കിലും അവശ്യമായ കാര്യങ്ങള്‍ അതില്‍ സൂചിപ്പിച്ചു പോകുന്നുണ്ട്. സന്തോഷം. 'നവകേരള സൃഷ്ടിക്ക് ഉതകുന്ന ഒരു കരുത്തുറ്റ തലമുറയെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്' അതില്‍ സൂചിപ്പിക്കുന്നു. അതിന് കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്നും വ്യക്തമാക്കുന്നു. ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ കാര്യങ്ങളും ചെലവഴിച്ചതും ചെലവഴിക്കാന്‍ പോകുന്നതുമായ തുകയുടെ വലിപ്പവും താങ്കളതില്‍ അഭിമാനത്തോടെ രേഖപ്പെടുത്തുന്നു. അതും നല്ലത്.
പൊതു വിദ്യാലയങ്ങളുടെ വിശ്വാസ്യത വര്‍ധിച്ചു വരുന്ന കാലമാണിത്. പുതിയതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആറുവര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് അഭിമാനവും തന്നെ. കെട്ടിടങ്ങള്‍ പുതുതായി വരുന്നു. ഉള്ളവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നു. ഇളകിയാടുന്ന ജനാലകളും വാതിലുകളും ഉറപ്പിക്കുന്നു. ബെഞ്ചുകളും ഡസ്‌ക്കുകളും പഴയപോലെ നൃത്തം ചെയ്യുന്നില്ല. ചുവരുകളില്‍ നല്ല ചായങ്ങളും ചിത്രങ്ങളും കാണുന്നുണ്ട്. ഉള്ളില്‍ അത്യാവശ്യം കമ്പ്യൂട്ടറുകളും ബ്ലാക്ക് ബോഡുകളുമുണ്ട് ലാബുകളും സജ്ജം. ഇതൊക്കെ നല്ലതന്നെ. ഇതൊക്കെ കൃത്യസമയത്ത് താങ്കള്‍ ശ്രദ്ധയോടെ പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍.
ഇതൊക്കെ പുറം മോടികള്‍. ഇവ അവശ്യം തന്നെ. എന്നാല്‍ ഇതിനപ്പുറത്ത് താങ്കള്‍ നേരത്തേ അഭിമാനത്തോടെ സൂചിപ്പിച്ച ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ എന്താണ് കാതലായി ചെയ്തിട്ടുള്ളത്. നെഞ്ചത്ത് കൈവച്ചു പറയൂ. വര്‍ഷങ്ങളായി പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉയര്‍ത്തുന്ന ഏതെങ്കിലും വിഷയത്തെ താങ്കള്‍ ധീരമായി അഭിമുഖീകരിച്ചിട്ടുണ്ടോ.? താങ്കള്‍ സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയല്ല. വലിയൊരു തുടര്‍ച്ചയുടെ ഒരു കണ്ണി മാത്രമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ ചോദ്യം ചോദിക്കുന്നത്.
കാര്യത്തിലേക്കു വരാം. സംസ്ഥാനത്തെ 413 സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ഇപ്പോഴും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ ഒരു ഇംഗ്ലീഷ് അധ്യാപക തസ്തികപോലുമില്ലെന്ന് താങ്കള്‍ക്കറിയാമോ..? കേരളാ എഡ്യൂൂക്കേഷന്‍ റൂള്‍സ് അനുസരിച്ച് 2003-ല്‍ തന്നെ ഹൈസ്‌കൂളുകളില്‍ മലയാളവും ഹിന്ദിയും പോലെ പീരിയഡ് അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക തസ്തിക അനുവദിക്കാന്‍ ഉത്തരവുള്ളതാണ്. എന്നാല്‍ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അത് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. 2018-ല്‍ ഹൈസ്‌കൂളുകളിലെ പി.ടി.ഐ പ്രസിഡന്റാമാര്‍ ഈ വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബഞ്ച് 10-08-2021 -ല്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ 2003- മുതല്‍ തന്നെ തസ്തിക അനുവദിക്കേണ്ടതായിരുന്നു എന്നും 2021-22 അധ്യയന വര്‍ഷം തന്നെ ഇംഗ്ലീഷ് അധ്യാപക തസ്തിക എല്ലാ ഹൈസ്‌കൂളുകളിലും അനുവദിക്കണമെന്നും സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇതു പാലിക്കാത്തതിനാല്‍ കോടതി അലക്ഷ്യ നടപടികളുമായി പി.ടി.എ പ്രസിഡന്റുമാര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. പത്തനംതിട്ടയില്‍ 78 ശതമാനവും കോട്ടയം, ഇടുക്കി ജില്ലകളില്‍ 70 ശതമാനവും എറണാകുളത്ത് 65 ശതമാനവും സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികയില്ല. മറ്റു ജില്ലകളിലും സമാന സാഹചര്യങ്ങള്‍ വ്യത്യസ്തമല്ല.
ഈ സ്‌കൂളുകളില്‍ ഇപ്പോഴും ഇംഗീഷ് പഠിപ്പിക്കുന്നതാരാണെന്ന് താങ്കള്‍ക്ക് അറിയാമോ..? ചരിത്രവും മറ്റും വിഷയങ്ങളും പഠിപ്പിക്കുന്നവര്‍. ഇംഗ്ലീഷ് ഭാഷയ്ക്കും അതിന്റെ വ്യാകരണത്തിനും സാഹിത്യത്തിനും ഊന്നല്‍ കൊടുക്കുന്നതാണ് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍. ഇംഗ്ലീഷ് ഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന ഉദ്യേശ്യത്തോടെ ശാസ്ത്രീയമായി തയ്യാറാക്കിയവയാണ് ഈ പുസ്തകങ്ങള്‍. നല്ലപോലെ ഭാഷ അറിയാവുന്ന അധ്യാപകര്‍ക്കു പോലും മികച്ച ഗൃഹപാഠമില്ലാതെ ഇവ കൈകാര്യം ചെയ്യാന്‍ സാധ്യവുമല്ല. അപ്പോള്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ അവസ്ഥ എന്താകും.
വലിയ പീഡനമായിരിക്കും അവര്‍ക്കിത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. കുട്ടികള്‍ക്ക് ഒരു പ്രയോജനവും ഉണ്ടാവുകയുമില്ല. ഒരര്‍ഥത്തില്‍ രണ്ടുകൂട്ടര്‍ക്കും ഒരേ പീഡനം. ഈ പീഡനത്തില്‍ നിന്ന് താങ്കള്‍ ആഗ്രഹിക്കുന്നതു പോലൊരു തലമുറയുണ്ടാകുമോ..? പത്താംം ക്ലാസ് കഴിഞ്ഞിറങ്ങുന്ന കുട്ടികളില്‍ ഭൂരപക്ഷം പേര്‍ക്കും ഇംഗ്ലീഷ് എഴുതാനോ പറയാനോ സാധിക്കുന്നില്ല എന്നത് രഹസ്യമല്ല. ഇതിന് ആരാണ് ഉത്തരവാദികള്‍. ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയാത്തതു കൊണ്ട് അഭിമുഖങ്ങളില്‍ നമ്മുടെ കുട്ടികള്‍ പിന്നാക്കം പോകുന്നതിന് ആരാണ് കാരണക്കാര്‍..? ഇംഗ്ലീഷ് ഭാഷയെ തഴഞ്ഞു കൊണ്ട് നമ്മുടെ സ്‌കൂളുകള്‍ക്ക് എങ്ങനെയാണ് അന്താരാഷ്ട നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കളുകളില്‍ എല്ലാവിഷയങ്ങളും ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിപ്പിക്കുമ്പോഴാണ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ യോഗ്യതയുള്ള ഒരു ഇംഗ്ലീഷ് അധ്യാപകന്‍ പോലുമില്ലാതെ 413 സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് സാധാരണക്കാരായ കുട്ടികള്‍ക്കും കുടംബങ്ങള്‍ക്കും ആശ്രയം പൊതുവിദ്യാലയങ്ങളാണ്. എന്തുകൊണ്ട് ഈ വിഷയം താങ്കളുടെ ശ്രദ്ധയില്‍പ്പെടാതേ പോയി. പെടാത്തതു കൊണ്ടല്ല താങ്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നറിയാം. എന്തൊരു വീഴ്ചയാണിത്. പൊതുവിദ്യാഭ്യസത്തെക്കുറിച്ച് ഊറ്റം കൊള്ളുമ്പോഴും ഇങ്ങനെയുള്ള വലിയ ഗര്‍ത്തങ്ങളെ തിരിച്ചറിയേണ്ടതല്ലേ....? എന്തു മറുപടിയാണ് ഇക്കാര്യത്തില്‍ താങ്കള്‍ക്ക് പറയാനുള്ളത്....
സാധാരണ കുടംബത്തില്‍ ജനിച്ച് സാധാരണ സാഹചര്യങ്ങളില്‍ പഠിച്ച് വിദ്യാര്‍ഥി സമരങ്ങളിലൂടെ വളര്‍ന്നു വന്ന താങ്കള്‍ക്ക് ഇപ്പറഞ്ഞത് മനസിലാകുമെന്നു കരുതുന്നു. താങ്കളുടെ മക്കള്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്‌കൂളുകളിലൊന്നായ ശ്രീകാര്യത്തെ ലയോളയിലാണ് പഠിച്ചതെന്നറിയാം. അതൊരപരാധമായല്ല ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ അവര്‍ ഇത്തരം പരാതികള്‍ താങ്കളോട് പറഞ്ഞിട്ടുണ്ടാവില്ല. സംസ്ഥാനത്തെ എത്ര കുട്ടികള്‍ക്ക് ഇങ്ങനെയുള്ള സ്‌കൂളുകളില്‍ പഠിക്കാനാകും. താങ്കള്‍ പഠിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കുറവുകള്‍ നേരിട്ട് അനുഭവമുള്ളതു കൊണ്ടായിരിക്കുമല്ലോ സ്വന്തം മക്കളുടെ കാര്യം വന്നപ്പോള്‍ പൊതു വിദ്യാലയത്തെ ഉപേക്ഷിച്ച് സ്വകാര്യ സ്‌കൂളിനെ ആശ്രയിച്ചത്.
ഇങ്ങനെ കാതലായ വിഷയങ്ങളെ അവഗണിച്ചും നിലനിര്‍ത്തിയും കൊണ്ട് താങ്കള്‍ എന്തു ഭാവിയാണ് നമ്മുടെ പാവം വിദ്യാര്‍ഥികളില്‍ സ്വപ്‌നം കാണുന്നത്. താങ്കള്‍ ഈ ചോദ്യത്തിന് മറുപടി പറയുകതന്നെ വേണം. കഴിഞ്ഞ ആറുവര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന സാര്‍ഥകമായ ഇടപെടല്‍ വഴി അണ്‍ എയ്ഡഡ് മേഖലയില്‍ നിന്ന് ലക്ഷക്കണക്കിന് കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ട്. ഈ വര്‍ഷവും എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ നിന്നു പിന്മാറണമെന്ന നവ ലിബറല്‍ കുറിപ്പുകളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് എല്ലാവിഭാഗത്തില്‍പെട്ടവരുടേയും കുട്ടികള്‍ക്ക് നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.
പൊതു വിദ്യാഭ്യാസം എന്നത് മതനിരപേക്ഷ വിദ്യാഭ്യാസം കൂടിയാണ്. മതങ്ങളുടേയും ജാതികളുടേയും ഉപജാതികളുടേയും പേരില്‍ സ്‌കൂളുകള്‍ മുളച്ചു പൊന്തുമ്പോള്‍ അതിനുള്ള രാഷ്ട്രീയ മറുപടികൂടിയാണ് പൊതു വിദ്യാലയങ്ങള്‍. മതനിരപേക്ഷതയുടെ വിശാലമായ ഇടങ്ങളാണവ. കുട്ടികളെ വര്‍ഗീയവാദികള്‍ മതവിദ്വേഷ പ്രചരണത്തിന് ആയുധമാക്കുന്ന അത്യന്തം അപകടകരമായ പശ്ചാത്തലത്തിലാണ് ഇക്കുറി സ്‌കൂളുകള്‍ തുറന്നിരിക്കുന്നത്. അതിനാല്‍ പൊതു വിദ്യാഭ്യാസ മേഖലയുടെ അകവും പുറവും ഒരുപോലെ ശക്തവും ആകര്‍ഷകവും പ്രയോജനപ്രദവുമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ കുട്ടികളുടേയും രക്ഷാകര്‍ത്താക്കളുടേയും ആശങ്കകൾക്ക് അവിടെ ഇടമുണ്ടാകരുത്.
സ്‌കൂളുകള്‍ തുറക്കുന്ന സമയത്തു തന്നെയാണ് അധ്യാപകരുടെ എണ്ണക്കുറവിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നത്. ഇത് രക്ഷകര്‍ത്താക്കളിലും കുട്ടികളിലും ആശങ്ക സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതൊക്കെ മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് ഒരു ആവേറേജ് രാഷ്ട്രീയക്കാരനായി താങ്കള്‍ തരം താഴരുത്. പരാതികള്‍ പരിശോധിക്കപ്പെടുകയും തീരുമാനങ്ങള്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുകയുമാണ് വേണ്ടത്. പശ്ചാത്തല സൗകര്യങ്ങള്‍ കാണാനും അതിനെ അഭിനന്ദിക്കാനോ ആക്ഷേപിക്കാനോ പൊതുജനങ്ങള്‍ക്ക് കഴിയും എന്നാല്‍ സ്‌കൂളുകളുടെ അക്കാഡമിക് നിലവാരമറിയാന്‍ കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡുകള്‍ മാത്രമേ അവരുടെ കയ്യിലുള്ളു. അതു കൊണ്ടു തന്നെ ആ അറിവുകള്‍ ഭാഗികവും ഇപെടാന്‍ കഴിയാത്തതുമാകും. ഇതൊരു സൗകര്യമാക്കരുത്. പശ്ചാത്തല സൗകര്യങ്ങള്‍ പോലെ തന്നെയാണ് അക്കാഡമിക് കാര്യങ്ങളും. അതില്‍ അല്‍പം ശുഷ്‌കാന്തി കൂടുക തന്നെ വേണം.
നാലു ബലൂണുകളില്‍ കാറ്റു നിറച്ച് ഉയര്‍ത്തിയതുകൊണ്ടോ വിദ്യാലയ കവാടങ്ങള്‍ വര്‍ണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചതു കൊണ്ടോ എല്ലാമാകുന്നില്ല. വിദ്യാഭ്യാസത്തിന്റെ ഉള്‍ക്കട്ടിക്ക് പ്രധാന്യം കൊടുക്കുക തന്നെ വേണം. വസ്തുതകളെ ധീരമായി അഭിമുഖീകരിക്കതെ നില്‍ക്കള്ളിക്കു വേണ്ടി അതുമിതും പുലമ്പരുത്. ഇവിടെ അക്കമിട്ടു സൂചിപ്പിച്ച കാര്യങ്ങള്‍ താങ്കള്‍ ശ്രദ്ധിക്കുമെന്നു തന്നെ കരുതുന്നു. താങ്കള്‍ ഇടതുമുന്നണി സര്‍ക്കാരിലെ വെറുമൊരു മന്ത്രിമാത്രമല്ല. മഹാനായ ജോസഫ് മുണ്ടശേരിയുടെ അര്‍ഥവത്തായ തുടര്‍ച്ചയാണെന്നു കൂടി ഓര്‍ക്കുക.. അറിവിന്റേയും നല്ല വിദ്യാഭ്യാസത്തിന്റേയും മേന്മകളെ ലേഖനങ്ങളിലൂടേയും പ്രഭാഷണങ്ങളിലൂടേയും അന്ത്യംവരെ എപ്പോഴും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന പി.ഗോവിന്ദപ്പിള്ള എന്ന ചിന്തയുടെ ചക്രവര്‍ത്തിയേയും മനസില്‍ സൂക്ഷിക്കുക......താങ്കള്‍ക്ക് നല്ല നമസ്‌കാരം.
https://www.facebook.com/Malayalivartha























