സ്വകാര്യ ബസുകളുടെ വായ മൂടിക്കെട്ടി ഹൈക്കോടതി... ഹോണടിച്ചാലോ വലതുഭാഗം ചേർന്നാലോ പൂട്ട് വീഴും!സ്വകാര്യ ബസുകളുടെ വായ മൂടിക്കെട്ടി ഹൈക്കോടതി... ഹോണടിച്ചാലോ വലതുഭാഗം ചേർന്നാലോ പൂട്ട് വീഴും!

നിരത്തിലിറങ്ങുമ്പോൾ വളരെയേറെ ബുദ്ധിമുട്ട് ജനങ്ങൾക്ക് അനുഭവപ്പെടന്നതിൽ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത് വലിയ ബസുകളുടെ പടയോട്ടവും ട്രാഫിക് നിയമ ലംഘനവുമാണ്. അതുകൊണ്ട് ഇവയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് മനസ്സിൽ ഒരു തവണയെങ്കിൽ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകാറില്ല. നഗരത്തിലായാലും ഗ്രാമത്തിലായാലും ഒരേ തരത്തിലാണ് ഇവരുടെ മത്സരയോട്ടം. നിരവധി ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. എന്നാൽ ഇതിന് തടയിടാൻ കർശന നടപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് കേരളാ ഹൈക്കോടതി.
കൊച്ചി നഗരത്തിൽ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായിട്ടാണ് ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുന്നത്. ബസുകൾ കാതടപ്പിച്ച് ഹോൺ മുഴക്കുന്നതും വാഹനങ്ങളെ മറികടക്കുന്നതും കർശനമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. കൊച്ചയില്‍ ശബ്ദ മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഉത്തരവ്. ബസുകൾക്ക് മാത്രമല്ല ഓട്ടോ റിക്ഷകൾക്കും ഈ ഉത്തരവ് ബാധകമാണ്. റോഡു നിറഞ്ഞു ബസുകൾ ഓടിക്കുന്നതിനും ഓട്ടോറിക്ഷകളുടെ നിയമ ലംഘനങ്ങൾക്കും മൂക്കു കയറിടുന്നതാണ് ഇന്നു കോടതി പുറപ്പെടുവിച്ച ഉത്തരവ്. അതുകൊണ്ട് അനുസരിക്കണം. ഹൈക്കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്വകാര്യ ബസുകൾ റോഡു നിറഞ്ഞ് ഓടുന്നതു മൂലമുള്ള ട്രാഫിക് കുരുക്കുകൾ ശ്രദ്ധയിൽ പെട്ടതു കോടതി ചൂണ്ടിക്കാട്ടി. നിർബന്ധമായും ഇടതു ഭാഗത്തു കൂടി മാത്രം വാഹനങ്ങൾ ഓടിക്കണം എന്നും നിർദേശിച്ചിട്ടുണ്ട്. നഗര പരിധിയിൽ ഓവർടേക്കിങ് പാടില്ലെന്നും ഹോൺ മുഴക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകൾ നിശ്ചിത അനുമതിയുള്ള സ്ഥലങ്ങളിൽ നിന്നു മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ. തോന്നുന്നിടത്തു നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു കുറ്റകരമാണ്.
പെരുമ്പാവൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഉടമകള്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിയാണ് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ക്കും ഓട്ടോ റിക്ഷകള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കിയത്. കാതടപ്പിക്കുന്ന ഹോൺ മുഴക്കി വരി നോക്കാതെ തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ ബസുകള്‍ റോഡില്‍ ഇനി മേലാൽ കാണരുതെന്നാണ് കോടതി പറയുന്നത്.
നഗര പരിധിയില്‍ ഹോൺ മുഴക്കാൻ പാടില്ലെന്നും മറ്റ് വാഹനങ്ങളെ മറികടക്കാതെ ഇടതുവശം ചേര്‍ന്ന് സ്വകാര്യബസുകള്‍ പോകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. റോഡില്‍ കറങ്ങി നടന്ന് ഇഷ്ടമുള്ള സ്ഥലത്ത് നിന്നും യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കണം. സ്റ്റാന്‍റില്‍ നിന്ന് മാത്രം ഓട്ടം തുടങ്ങണമെന്ന നിര്‍ദ്ദേശം നല്‍കണം. സിഗ്നലുകൾ നോക്കാതെയും നൽകാതെയും ഓട്ടോറിക്ഷകൾ ഓടിക്കുന്നത് ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നുണ്ടെന്നും ഇവ പരിധി ലംഘിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ ബസുകളുടെയും ഓട്ടോ റിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വക്തമാക്കി സിറ്റി പൊലീസ് കമ്മീഷണറും മോട്ടോര്‍ വാഹന വകുപ്പും ഉത്തരവിറക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് ജനസംഖ്യാ അനുപാതമില്ലാതെ പെര്‍മിറ്റ് അനുവദിക്കരുതെന്നും ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവില്‍ നിഷ്കരിഷിക്കുന്നുണ്ട്. നിരത്തിലെ അപകടവും അതുപോലെ തിരക്കും ട്രാഫിക്ക് ബ്ലോക്കും ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha























