കോവളത്ത് ലാത്വിയന്‍ യുവതിയുടെ കൊലപാതകം... നാല് വര്‍ഷം മുമ്പ് നടന്ന കേസിന്റെ വിചാരണ ആരംഭിച്ചു

2018 മാര്‍ച്ച് 14ന് കോവളത്തിന് സമീപം കുറ്റിക്കാട്ടില്‍ ലാത്വിയന്‍ യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി എല്‍സയെയാണ് ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. കേസില്‍ ഒന്നാം സാക്ഷിയായി വിസ്തരിക്കേണ്ട പ്രദീപ് കോടതിയില്‍ എത്താത്തത് കോടതിയെ ചൊടിപ്പിച്ചു.
സാക്ഷിക്കു വേണ്ടി അഭിഭാഷകന്‍ ഹാജരായി മൊഴി പറയാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. ഒരു കാരണവുമില്ലാതെ സാക്ഷി വിസ്താരത്തിനു ഹാജരാകാതിരുന്നതിനാല്‍ പൊലീസിന്റെ സഹായത്തോടെ സാക്ഷിയെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ പ്രോസിക്യൂഷനു കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം ഒന്നാം അഡീ.സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
യുവതിയെ കോവളത്തിനു സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൂട്ടികൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തിരുവല്ലം വെള്ളാര്‍ വടക്കെക്കൂനം തുരുത്തി വീട്ടില്‍ ഉമേഷ് (32) ആണ് ഒന്നാം പ്രതി. തിരുവല്ലം വെള്ളാര്‍വടക്കെക്കൂനം തുരുത്തി വീട്ടില്‍ ഉദയകുമാര്‍ (28) ആണ് രണ്ടാം പ്രതി. 104 സാക്ഷികളാണ് കേസിലുള്ളത്. പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വിചാരണ വ്യാഴാഴ്ചയും തുടരും.
സഹോദരിയും താനും 2018 ഫെബ്രുവരി മൂന്നിനാണ് കേരളത്തില്‍ ആറു മാസത്തെ ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയതെന്നു കൊല്ലപ്പെട്ട യുവതിയുടെ സഹോദരി എല്‍സ കോടതിയെ അറിയിച്ചു. മാനസിക വിഷമത്തിനു ചികില്‍സയിലായിരുന്നു സഹോദരി. ഈ അസുഖത്തിന് അയര്‍ലന്‍ഡില്‍ ചികിത്സ നടത്തിയിരുന്നു. ഇതിനു പുറമെയുള്ള ആയുര്‍വേദ ചികില്‍സയ്ക്കായാണ് കേരളത്തില്‍ എത്തിയത്.
സഹോദരിയെ ജീവനോടെ അവസാനമായി കണ്ടത് 2018 മാര്‍ച്ച് 14ന് രാവിലെ 6.15നാണ്. അന്നു യോഗ അഭ്യാസത്തിനുള്ള വസ്ത്രം ധരിച്ച് കട്ടിലില്‍ കിടക്കുകയായിരുന്നു. തലവേദന കാരണം യോഗയ്ക്കു വരുന്നില്ലെന്നും തന്നോടു പോകാനും പറഞ്ഞു. ക്ലാസ് കഴിഞ്ഞു എത്തിയപ്പോള്‍ സഹോദരിയെ മുറിയില്‍ കണ്ടില്ല. സാധാരണ പോകാറുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, ആ ദിവസം രാത്രി 7 മണിക്കു പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയെന്നും എല്‍സ കോടതിയെ അറിയിച്ചു.
ഫോട്ടോ കാണിച്ചുള്ള അന്വേഷണത്തിനിടെ, ഓട്ടോ ഡ്രൈവറാണ് സഹോദരിയെ കോവളത്തു വിട്ടു എന്നു പറഞ്ഞത്. കോവളത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനുശേഷം താന്‍ അയര്‍ലന്‍ഡിലേക്കു മടങ്ങി പോയി. സഹോദരി കൊല്ലപ്പെട്ട വിവരം പൊലീസ് പത്തു ദിവസത്തിനുശേഷം അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തിരികെ എത്തി.
ചതുപ്പു നിലത്തില്‍ കുറ്റിക്കാടിനുള്ളില്‍ അഴുകിയ നിലയില്‍ ശരീരം കാണുമ്‌ബോള്‍ ഒരു ജാക്കറ്റ് ഉണ്ടായിരുന്നു. എന്നാല്‍, അതു തന്റെ സഹോദരിയുടേത് അല്ലെന്നു സാക്ഷി മൊഴി നല്‍കി. സഹോദരിയുടെ കളര്‍ ചെയ്ത തലമുടി കണ്ടാണ് ശരീരം തിരിച്ചറിഞ്ഞതെന്നും മൊഴി നല്‍കി. സഹോദരിയുടെ ശരീരത്തില്‍ ആഭരണങ്ങളുടെ രൂപങ്ങള്‍ പച്ച കുത്തിയിരുന്നതും തിരിച്ചറിയാന്‍ സഹായിച്ചെന്നും എല്‍സ പറഞ്ഞു. സഹോദരിയുടെ അടിവസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളും എല്‍സ കോടതിയില്‍ തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha























