നാദാപുരത്ത് ഉമ്മത്തൂര്‍ പുഴയില്‍ ചരപ്പില്‍ കടവ് ഭാഗത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിയെ ഇന്നലെയും കണ്ടെത്താനായില്ല, നേവിയുടെ സഹായം തേടി, തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

നാദാപുരത്ത് ഉമ്മത്തൂര്‍ പുഴയില്‍ ചരപ്പില്‍ കടവ് ഭാഗത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിയെ ഇന്നലെയും കണ്ടെത്താനായില്ല, നേവിയുടെ സഹായം തേടി, തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
ചൊവ്വാഴ്ച വൈകിട്ടാണ് ഉമ്മത്തൂര്‍ പുഴയില്‍ ചരപ്പില്‍ കടവ് ഭാഗത്ത് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടത്. ഉമ്മത്തൂര്‍ എസ്‌ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഈസ്റ്റ് മുടവന്തേരിയിലെ താഴെകണ്ടത്തില്‍ മിസ്ഹബിനെ (13) ഇന്നലെത്തെ തിരച്ചിലിലും കണ്ടെത്താനായില്ല.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ച മുടവന്തേരി ഈസ്റ്റിലെ കൊയിലോത്ത് മുഹമ്മദിന്റെ (13) മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പാറക്കടവ് ജുമുഅത്ത് പള്ളിയില്‍ കബറടക്കി. കണ്ണീരോടെയാണ് മുഹമ്മദിന് വിട നല്‍കിയത്.
അതേസമയം മിസ്ഹബിനെ കണ്ടെത്താന്‍ നേവിയുടെ സഹായം തേടിയതായി കെ.മുരളീധരന്‍ എംപി. ആര്‍ഡിഒ സി.ബിജുവിന്റെ നേതൃത്വത്തില്‍ റവന്യു വിഭാഗവും ജനപ്രതിനിധികളും മറ്റും യോഗം ചേര്‍ന്ന് പുഴയില്‍ വല വിരിച്ച് തിരച്ചില്‍ നടത്താന്‍ തീരുമാനിക്കുകയും തിരച്ചില്‍ തുടരുകയുമാണ്. ചേട്യാലക്കടവ് തൂക്കുപാലത്തിനു സമീപമാണ് വല വിരിക്കുന്നത്.
പുഴയോരത്തെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിയിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഇന്നലെ പകല്‍ മഴ മാറി നിന്നത് പുഴയിലെ തിരച്ചിലിന് സഹായകമേറെയായി. ദേശീയ ദുരന്തനിവാരണ സേനയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ടീമും ജനകീയ ദുരന്ത നിവാരണ സേനാംഗങ്ങളും പാക്വയി റസ്‌ക്യു ടീമും കൂരാച്ചുണ്ട് ദുരന്തനിവാരണ സേനയും തിരച്ചിലിന് രംഗത്ത് സജീവമായിട്ടുണ്ട്.
അഗ്‌നിരക്ഷാ സേനയുടെ കണ്ണൂര്‍, തലശ്ശേരി, പേരാവൂര്‍, കൂത്തുപറമ്പ്, പാനൂര്‍, നാദാപുരം, പേരാമ്പ്ര, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് തിരച്ചിലിനുള്ളത്. പെരിങ്ങത്തൂര്‍ ഭാഗങ്ങളില്‍ അടക്കം തിരച്ചില്‍ തുടരുകയാണ്.
മിസ്ഹബിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉമ്മത്തൂര്‍ എസ്‌ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇന്നും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും ഇന്നു നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കു മാറ്റമില്ല.
https://www.facebook.com/Malayalivartha























