ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യും; ഭക്ഷ്യസുരക്ഷാവിഭാഗം തട്ടുകടമുതല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളില്‍വരെ വിവരം ശേഖരിക്കുന്നു! അറിഞ്ഞിരിക്കേണ്ടവ....

നിങ്ങൾ ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു എന്ന് അന്വേഷിക്കാൻ അവർ എത്തുകയാണ്. ഏജന്‍സി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസല്‍) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത് എന്നതാണ് അന്വേഷിക്കുക. ഇക്കാര്യം മനസ്സിലാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തട്ടുകടമുതല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളില്‍വരെ വിവരം ശേഖരിക്കുന്നതിനായി എത്തുന്നതാണ്. ജില്ലകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യേക പരിശോധയിലാണ് പഴകിയ എണ്ണ പിന്നീട് എന്തുചെയ്യുന്നു എന്നതടക്കം അന്വേഷിക്കാൻ അധികൃതർ എത്തുന്നത്.
അതോടൊപ്പം തന്നെ ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വിവിധ ഏജന്‍സികള്‍ സംസ്ഥാനത്തുണ്ട്. ഭൂരിഭാഗവും ജൈവ ഡീസല്‍ ഉണ്ടാക്കാനാണ് വാങ്ങുന്നത് തന്നെ. എന്നാല്‍, ഇവ ഭക്ഷ്യ എണ്ണയായി വീണ്ടും എത്തുന്നുണ്ടോ എന്നതാണ് ഉയരുന്ന സംശയം. ഇത് കണ്ടുപിടിക്കാനാണ് പരിശോധന നടത്തുന്നത്.
കൂടാതെ ഉപയോഗിച്ച എണ്ണ ഏത് ഏജന്‍സിക്ക് നല്‍കുകയാണ് , ഏജന്‍സി എത്ര രൂപ നല്‍കും, എത്ര അളവാണ് ശേഖരിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുക. കിലോയ്ക്ക് 40 രൂപമുതല്‍ 60 രൂപവരെ നല്‍കുകയാണ്. ബയോഡീസലിന് 85 രൂപയാണ് വില. ഹോട്ടല്‍, ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളിലാണ് എണ്ണ കൂടുതല്‍ ഉപയോഗിക്കുന്നതും ഉപയോഗിച്ചവ വില്‍ക്കുന്നതും. കുടുംബശ്രീ വഴി തട്ടുകടകളില്‍നിന്ന് ഇവ ശേഖരിച്ച് ഏജന്‍സിക്ക് ഒന്നിച്ച് കൈമാറുനുള്ള സജ്ജീകരണവും നടന്നുവരുകയാണ്.
അതായത് കണ്ണൂര്‍ ജില്ലയില്‍ തട്ടുകടകള്‍, സ്‌നാക്‌സ് ഉണ്ടാക്കുന്ന കടകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ 19 സ്ഥാപനങ്ങള്‍ പരിശോധിച്ചുവരുകയാണ്. ടി.പി.സി. (ടോട്ടല്‍ പോളാര്‍ കോമ്പൗണ്ട്) മീറ്റര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ടി.പി.സി. 25-നുമുകളില്‍ വരുമ്പോഴാണ് എണ്ണ ദോഷകരമാകുന്നത്. ജില്ലയില്‍ ആദ്യപരിശോധന നടത്തിയവയില്‍ ടി.പി.സി. 25-നു താഴെയാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഒരിക്കല്‍ ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കരുത്. എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം എണ്ണയിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ പലരോഗങ്ങളും പിടിപെടാവുന്നതാണ്.
രോഗങ്ങളിലേക്കുള്ള വഴി ഇങ്ങനെ;
എണ്ണ ഒന്നിലധികം തവണ ഉപയോഗിക്കുമ്പോള്‍ രൂപപ്പെടുന്ന ചില രാസഘടകങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമായിത്തീരാം.
* കാന്‍സര്‍ സാധ്യത: പോളിസൈക്ലിക്ക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (പി.എ.എച്ച്.), അക്രിലമൈഡ് എന്നിവ കാന്‍സര്‍കാരികളാണ്. മറ്റുപല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. അക്രിലമൈഡ് നാഡി തകരാറുകള്‍, ക്രോമസോം തകരാറുകള്‍ എന്നിവയുമുണ്ടാക്കും.
* അമിത ബി.പി., ഹൃദ്രോഗം: ഫ്രീ റാഡിക്കലുകള്‍ കൂടുന്നതും കൊഴുപ്പ് അടിയുന്നതും അമിത രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും വഴിവെക്കാം.
* കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാവുന്നു.
* അസിഡിറ്റി, നെഞ്ചെരിച്ചില്‍, ദഹനപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നു.
https://www.facebook.com/Malayalivartha

























