മോദി സര്‍ക്കാര്‍ മുട്ടുമടക്കില്ല; അഗ്‌നിപഥ് പ്രതിഷേധം യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഡ ശ്രമം;

ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതിയായ അഗ്‌നിപഥിനെതിരെ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഇന്ത്യന്‍ സൈന്യം യുവത്വവല്‍ക്കരിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്ന യുവജനസംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണ്. ഈ പദ്ധതിയെ ട്രേഡ് യൂണിയന്‍ കണ്ണിലൂടെയാണ് കോണ്‍ഗ്രസും സിപിഎമ്മും കാണുന്നത്. എന്നാല്‍ രാജ്യത്തിനായി സന്നദ്ധ സേവനത്തിനിറങ്ങുന്ന യുവാക്കളെ വാര്‍ത്തെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു
സൈന്യം എന്നത് സമര്‍പ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിതൊഴിലാളികള്‍ അല്ലെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും മനസിലാക്കണം. ട്രെയിനും ബസും കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കുകയില്ല. രാജ്യസ്‌നേഹവും മികച്ച ശാരീരികക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ലക്ഷ്യം തടയാനാണ് രാഷ്ട്രവിരുദ്ധര്‍ ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























